തിരുവനന്തപുരം: സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള രണ്ടാമത്തെ വിജ്ഞാപനം പി.എസ്.സി അംഗീകരിച്ചു. നവംബര്‍ 15-ഓടെ പ്രസിദ്ധീകരിക്കും. ബിരുദമാണ് യോഗ്യത. പ്രായം 18-36. ഡിസംബറിനുള്ളില്‍ വിജ്ഞാപനം വരുന്നതിനാല്‍ ഈ വര്‍ഷം പ്രായപരിധി പിന്നിടുന്നവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലേക്കാണ് ഇതിലൂടെ നിയമനം നടത്തുന്നത്.  കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ പുതിയ വിജ്ഞാപനം ഇതോടൊപ്പമുണ്ടാവില്ല. അതും ഡിസംബറില്‍ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. രണ്ട് തസ്തികയ്ക്കും റാങ്ക്പട്ടിക നിലവിലുണ്ട്. 2019-ല്‍ ഇവയുടെ കാലാവധി അവസാനിക്കും. 

അസിസ്റ്റന്റ് തസ്തികയ്ക്കുള്ള നിലവിലെ റാങ്ക്പട്ടികയ്ക്ക് 2019 ഓഗസ്റ്റ് ഒമ്പത് വരെ കാലാവധിയുണ്ട്. ഇതുവരെയായി അതില്‍ നിന്ന് 1830 പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചു.  ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), ആരോഗ്യ വകുപ്പില്‍ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-2, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍), ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തുടങ്ങി 17 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനങ്ങളാണ് പി.എസ്.സി. യോഗം അംഗീകരിച്ചത്. പുരുഷ, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ചുരുക്കപ്പട്ടികയിലുള്‍പ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് വിദ്യാഭ്യാസ യോഗ്യത, ശാരീരിക അളവുകള്‍ എന്നിവ സംബന്ധിച്ച് സാക്ഷ്യപത്രം അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കും.