എടപ്പാള്‍: വിദ്യാഭ്യാസവകുപ്പിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കെ-ടെറ്റ് പാസാകാനുള്ള കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. അധ്യാപകര്‍ക്കും ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, അറ്റന്‍ഡര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവര്‍ക്കും കെ-ടെറ്റ് പാസാകുന്നതിന് 2018 മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. 2017-18 വര്‍ഷത്തില്‍ നിയമിതരായവര്‍ക്കും യോഗ്യത നേടേണ്ടതിനാല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

2015 മാര്‍ച്ച് 31 വരെ നിയമനംനേടിയ മിനിമം യോഗ്യതയില്ലാത്ത അധ്യാപകന്‍ 2015 ഏപ്രില്‍ ഒന്നുമുതല്‍ നാലുവര്‍ഷത്തിനകം യോഗ്യത നേടിയാല്‍ മതിയെന്ന് വിദ്യാഭ്യാസ അവകാശനിയമവും ഭേദഗതി ചെയ്തിരുന്നു. ഇതിനാലാണ് 2013 മുതല്‍ 2018-വരെ നിയമിതരായ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കുമുള്ള കാലാവധി ദീര്‍ഘിപ്പിച്ചിട്ടുള്ളത്.

എന്‍.സി.ടി.ഇ. മാനദണ്ഡപ്രകാരം കെ-ടെറ്റ് നിര്‍ബന്ധമായതിനാല്‍ 2019-20 അധ്യയന വര്‍ഷാരംഭത്തിനകം എല്ലാവരും കരസ്ഥമാക്കിയിരിക്കണം. 2012 മാര്‍ച്ച് 31-ന് മുന്‍പ് റഗുലര്‍ വേക്കന്‍സിയില്‍ നിയമിതരായ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും നിയമാനുസൃതമായ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് നിയമനാംഗീകാരത്തിന് കെ-ടെറ്റ് ബാധകമാക്കേണ്ടതില്ലെന്നും ജോയന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

കെ-ടെറ്റ് നിര്‍ബന്ധമായത് കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായ 2013 മുതല്‍. സംസ്ഥാനത്തെ 278 ഉപജില്ലകളിലെ എല്‍.പി,യു.പി. വിദ്യാലയങ്ങളിലും 38 ഡി.ഡി. ഓഫീസുകള്‍ക്കു കീഴിലുള്ള ഹൈസ്‌കൂളുകളിലുമായി 2,000 ത്തില്‍പ്പരം പേര്‍ക്ക് ഗുണകരമാണ്.