തിരുവനന്തപുരം: പി.എസ്.സി. വജ്രജൂബിലി ആഘോഷിച്ച ഒരുവര്‍ഷ കാലയളവിനുള്ളില്‍ മൊത്തം 52,112 നിയമനശുപാര്‍ശകള്‍ അയച്ചു. ഒരുവര്‍ഷംകൊണ്ട് നടക്കുന്ന റെക്കോഡ് നിയമന ശുപാര്‍ശയാണിത്.

ഫയല്‍കുടിശ്ശിക തീര്‍പ്പാക്കലാണ് ആഘോഷത്തിന്റെ ഭാഗമായി കമ്മിഷന്‍ ഏറ്റെടുത്ത പ്രധാന ദൗത്യം. 2017 ഫെബ്രുവരി 27 മുതല്‍ 2018 ഫെബ്രുവരി 26 വരെയാണ് വജ്രജൂബിലി കാലയളവായി നിശ്ചയിച്ചത്.

അതിനുള്ളില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും 50,610 ഒഴിവ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതും റെക്കോഡാണ്.

877 വിജ്ഞാപനങ്ങളിലായി 2,04,69,632 അപേക്ഷകള്‍ സ്വീകരിച്ചു. 1,07,48,197 ഉദ്യോഗാര്‍ഥികള്‍ക്കായി 1021 പരീക്ഷകള്‍ സംഘടിപ്പിച്ചു.

1,25,280 പേരെ ഉള്‍പ്പെടുത്തി 1162 ചുരുക്കപ്പട്ടികകളും 1,28,430 ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി 1573 റാങ്ക്പട്ടികകളും പ്രസിദ്ധീകരിച്ചു.

84,00,043 അപേക്ഷകളില്‍ ഇക്കാലയളവില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 53,061 പേര്‍ക്കായി 945 അഭിമുഖങ്ങള്‍ നടത്തി.