തിരുവനന്തപുരം: ലളിതമാക്കിയ പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായവിധം അഞ്ചുഘട്ടങ്ങളായി ഇനി രജിസ്‌ട്രേഷന്‍ നടത്താം. ഓരോന്നും പൂര്‍ത്തിയാക്കി തിരുത്തലുകള്‍ വരുത്തി അടുത്തഘട്ടത്തിലേക്കു കടക്കാം.

ഉദ്ഘാടനച്ചടങ്ങില്‍ അംഗങ്ങളായ സിമി റോസ്‌ബെല്‍ ജോണ്‍, ഡോ. എം.ആര്‍. ബൈജു, ഡോ. കെ.പി. സജിലാല്‍, സെക്രട്ടറി സാജു ജോര്‍ജ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. മനോജ് എന്നിവര്‍ സംബന്ധിച്ചു. പ്രാഥമികവിവരങ്ങള്‍ നല്‍കി യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും സ്വന്തമാക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് ലോഗിന്‍ചെയ്ത് തുടര്‍ന്നുള്ള നാലുഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നടത്താം.

നേരത്തേ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങുന്നതുമുതല്‍ അവസാനിക്കുന്നതുവരെ ഒരു ഘട്ടമായിരുന്നു. ഉദ്യോഗാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. അഞ്ചുഘട്ടങ്ങളില്‍ ഓരോന്നും ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പൂര്‍ത്തിയാക്കാം. അഞ്ചുഘട്ടവും കടന്നാലേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും ഈ സംവിധാനം ലഭിക്കുക.