അനര്‍ഹര്‍ക്ക് ജോലി, അര്‍ഹര്‍ പുറത്ത്; കട്ട് ഓഫില്‍ പിഴച്ച PSC യുടെ നീതിനിഷേധം


By ഭാഗ്യശ്രീ

5 min read
Read later
Print
Share

Representational Image | File Photo/Mathrubhumi

എല്‍.ഡി.സി പരീക്ഷയ്ക്ക് കട്ടോഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വരാതെ ദുരിതത്തിലായി ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍. പാലക്കാട് എല്‍ഡി ക്ലര്‍ക്ക് തമിഴ്-മലയാളം തസ്തികയുടെ മൂല്യനിര്‍ണയം മുതല്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ പി.എസ്.സിക്ക് സംഭവിച്ച വീഴ്ചയാണ് ഇവരെ റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കിയത്‌. വിഷയം ചൂണ്ടിക്കാണിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ഉദ്യോഗാര്‍ഥികള്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും പുതിയ റാങ്ക് ലിസ്റ്റ് പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

കഥ ഇങ്ങനെ
2017-ലാണ് 31 ഒഴിവിലേക്കായി പാലക്കാട് എല്‍ഡി ക്ലര്‍ക്ക് തമിഴ്-മലയാളം തസ്തികയുടെ വിജ്ഞാപനം പി.എസ്.സി പുറത്തിറക്കുന്നത്. രണ്ട് ഘട്ടമായി (objective&descriptive) നടന്ന പരീക്ഷയ്‌ക്കൊടുവില്‍ 2022 ഫെബ്രുവരി 25-ന് 58 പേര്‍ മെയിന്‍ ലിസ്റ്റിലും 17 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുന്ന സാധ്യതാപട്ടികയും പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഇരുപത്തിയാറ് പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിക്കുകയും ഇവരില്‍ പലരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

43.75 ആയിരുന്നു അന്ന് കട്ടോഫ് മാര്‍ക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നല്ല മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലര്‍ക്കും സ്വന്തം പേര് റാങ്ക് ലിസ്റ്റില്‍ കാണാനായില്ല. വിവരാവകാശ നിയമപ്രകാരം ചില ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ഉത്തരക്കടലാസിന്റെ കോപ്പി വാങ്ങി പരിശോധിച്ചപ്പോഴാണ് പലര്‍ക്കും കട്ടോഫിനേക്കാള്‍ മാര്‍ക്കുണ്ടെന്നറിയുന്നത്. വിഷയം സൂചിപ്പിക്കാനായി പലതവണ പി.എസ്.സിയില്‍ ബന്ധപ്പെട്ടപ്പോഴും ഒഴുക്കന്‍ മട്ടിലുള്ള മറുപടികളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കുന്നത്.

തൊഴില്‍ വാര്‍ത്തകളും കരിയര്‍ വിശകലനങ്ങളും അറിയുന്നതിനായി മാതൃഭൂമി കരിയര്‍ വാട്‌സാപ്പില്‍ ഗ്രൂപ്പില്‍ ചേരാന്‍ ക്ലിക്ക് ചെയ്യൂ

പരാതി നല്‍കി,അനുകൂല വിധിയും വന്നു പക്ഷേ ജോലി മാത്രം കിട്ടിയില്ല

വിവരാവകാശനിയമപ്രകാരം ശേഖരിച്ച രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ പിഴവ് സംഭവിച്ചതായി പി.എസ്.സി സമ്മതിക്കുകയും തെറ്റ് തിരുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കമെന്നും ട്രിബ്യൂണലില്‍ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി പട്ടിക പുന:പരിശോധിച്ചപ്പോള്‍ 63 പേര്‍ അനര്‍ഹരാണെന്നു കണ്ടെത്തി. ഇവരില്‍ നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരും ഉള്‍പ്പെടും.

അനര്‍ഹരെ ഒഴിവാക്കി പ്രസിദ്ധീകരിച്ച പുതിയ സാധ്യതാ പട്ടികയില്‍ 42 പേര്‍ മെയിന്‍ ലിസ്റ്റിലും 54 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ റാങ്ക് പട്ടിക പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നത്‌. റാങ്ക് ലിസ്റ്റ് അനുസരിച്ച് നേരത്തേ നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ കയറിയവര്‍ ഹൈക്കോടതിയെ സമീപിച്ചതാണ് ഇവരുടെ നിയമനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ട്രിബ്യൂണല്‍ വിധിക്കെതിരേ ജോലിയില്‍ കയറിയവര്‍ സ്‌റ്റേ വാങ്ങിയതും ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

പരീക്ഷയുടെ ആദ്യ ഘട്ടം മുതലേ പലകാര്യങ്ങളും വിചിത്രമായിരുന്നെന്ന് നിശ്ചയിച്ച കട്ടോഫ് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ പേരില്ലാതെ വന്ന സനോജ് പറയുന്നു.

ആറ് വര്‍ഷത്തെ പ്രയത്‌നം, മാര്‍ക്കുണ്ടായിട്ടും ലിസ്റ്റിലില്ല

'2019 ലാണ് ആദ്യ ഘട്ടമായ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ നടക്കുന്നത്. ആ പരീക്ഷയുടെ കട്ടോഫായി പി.എസ്.സി നിശ്ചയിച്ചത് പൂജ്യം മാര്‍ക്ക് ആയിരുന്നു. ഒമ്പതിനായിരത്തോളം പേര്‍ എഴുതിയ പരീക്ഷയ്ക്ക് അഞ്ചോ ആറോ മാര്‍ക്കെങ്കിലും വയ്ക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. രണ്ടാം ഘട്ടമായ വിവരാണാത്മക പരീക്ഷയില്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിശ്ചിത ചോദ്യങ്ങളുണ്ടാകും. പരീക്ഷയില്‍ മലയാളം, തമിഴ് ഭാഷകള്‍ക്ക് 40 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും നേടണം. സാമാന്യം നന്നായി പരീക്ഷ എഴുതിയിരുന്നെങ്കിലും റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നില്ല. 43.75 ആയിരുന്നു കട്ടോഫ് മാര്‍ക്ക്. അതില്‍കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് എനിക്കുറപ്പുള്ളതുകൊണ്ട് പി.എസ്.സിക്ക് പരാതി നല്‍കി. മലയാളത്തില്‍ 40 ശതമാനം മാര്‍ക്കില്ലാത്തതുകൊണ്ടാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാതെ വന്നതെന്നായിരുന്നു പി.എസ്.സി നല്‍കിയ മറുപടി. അങ്ങനെ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഉത്തരക്കടലാസിന്റെ കോപ്പിക്കായി വിവരവാകാശ നിയമപ്രകാരം അപേക്ഷിച്ചു. നവംബറിലാണ് ഉത്തരക്കടലാസ് ലഭിച്ചത.് 47.25 ആയിരുന്നു എന്റെ മാര്‍ക്ക്. ഓരോ സെക്ഷന്റെയും ശരാശരി മാര്‍ക്ക് പരിഗണിക്കുമ്പോള്‍ മലയാളത്തില്‍ വന്ന ഒരു ചോദ്യം തമിഴില്‍ ഉള്‍പ്പെടുത്തിപ്പോയതാണ് റാങ്ക്ലിസ്റ്റിലെ പിഴവിന് കാരണമെന്നാണ് പി.എസ്.സി പറയുന്നത്. അങ്ങനെ നോക്കിയാല്‍ മലയാളത്തിലെ ഏത് ചോദ്യം തമിഴിന്റെ കൂടെ ചേര്‍ന്ന് പോയാലും എനിക്ക് 40 ശതമാനത്തിലധികം മാര്‍ക്കുണ്ട്. മറുപടി പോലും കൃത്യമായി പറയാതെ പി.എസ്.സി എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് മനസിലാവാത്തത്'- സനോജ് പറയുന്നു.

ട്രിബ്യൂണല്‍ വിധി പ്രകാരം പഴയ റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി ലഭിച്ചവരുടെ നിയമനശുപാര്‍ശ റദ്ദാക്കാന്‍ അതതു വകുപ്പുകള്‍ക്കു കത്തു നല്‍കിയെങ്കിലും നടപടിയായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 'അഡൈ്വസ് മെമ്മോ കിട്ടി അന്ന് ജോലിയില്‍ കയറിവര്‍ രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കും. അങ്ങനെ സംഭവിച്ചാല്‍ അവരെ ഒഴിവാക്കാന്‍ സാധിക്കില്ല.'- സനോജ് പറയുന്നു

പഴയ നിയമനം റദ്ദാക്കുന്നുമില്ല, പുതിയത് നിയമിക്കുന്നുമില്ല

ജോലിയില്‍ കയറിയവരെ പുറത്താക്കി പുതിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ രണ്ട് മാസത്തിനകം നിയമിക്കണമെന്നാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. പി.എസ്.സി യുടെ ഭാഗത്ത് നിന്നോ ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്നോ ഏതെങ്കിലും തരത്തിലുള്ള തെറ്റോ ക്രമക്കേടോ തെളിഞ്ഞാല്‍ ജോലിയില്‍ കയറിയവരെ പിരിച്ചുവിടാന്‍ നിയമമുണ്ട്. പക്ഷേ, പ്രൊബേഷന്‍ പിരീഡായ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമേ ഇത് സാധ്യമാകൂ. ഈ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ബാക്കിയുള്ളത് കഷ്ടിച്ച് രണ്ട് മാസം കൂടിയാണ്. ജോലിയില്‍ കയറിയവരുടെ നിയമനം ഒരു വര്‍ഷം തികയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഷോര്‍ട്ട് ലിസ്റ്റ് മാത്രം പ്രസിദ്ധീകരിച്ച് മനപ്പൂര്‍വം റാങ്ക് ലിസ്റ്റ് വൈകിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ സംശയം പ്രകടിപ്പിക്കുന്നു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പാലക്കാട് പി.എസ്.സി ഓഫീസിലോ തിരുവനന്തപുരം ഓഫീസിലേക്കോ വിളിച്ചാല്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും നിയമനം മനപ്പൂര്‍വം മന്ദഗതിയിലാക്കാന്‍ പി.എസ്.സി കോടതിയില്‍ ഹാജരാവുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു

വര്‍ഷങ്ങളായി പരീക്ഷയ്ക്ക് തയ്യാറെടുത്ത് മികച്ച മാര്‍ക്ക് വാങ്ങിയിട്ടും റാങ്ക്‌ലിസ്റ്റില്‍ ഇടം നേടാനാകാതെ പോയ ഇടുക്കി പീരുമേട് സ്വദേശി കപിലാണ് ആദ്യമായി ഇക്കാര്യം മാധ്യമശ്രദ്ധയില്‍ പെടുത്തുന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് പ്രശ്‌നം ഒരാള്‍ക്ക് മാത്രമല്ലെന്ന് മനസിലാകുന്നത്.

കപില്‍

എനിക്ക് സംഭവിച്ച ഈ ദുരവസ്ഥ ഒരു ചെറുപ്പക്കാര്‍ക്കും ഉണ്ടാവരുത്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ഏഴെട്ട് വര്‍ഷത്തെ കഠിന പരിശ്രമമാണ് പി.എസ്.സിയുടെ പിഴവില്‍ എനിക്കില്ലാതായത്. പറഞ്ഞ കട്ടോഫിനേക്കാള്‍ കൂടുതലുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൈയില്‍ പൈസയില്ലാതിരുന്നിട്ടും ഒപ്റ്റിക്കല്‍ ഷോപ്പിലുണ്ടായിരുന്ന ചെറിയ ജോലിയും കളഞ്ഞ് ഇതിനായി ഇറങ്ങിത്തിരിച്ചത്. കേസും കൂട്ടവുമായി നടക്കുന്നതുകൊണ്ട് കൃത്യമായി ജോലിക്കെത്താന്‍ കഴിയില്ല. കൂട്ടുകാരുടെ ടാക്സി വാഹനങ്ങളില്‍ ഡ്രൈവറായി പോവുകയാണ് ഇപ്പോള്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. പരീക്ഷാ പ്രായപരിധി കടന്ന എനിക്ക് ഇനിയൊരു പരീക്ഷ എഴുതാന്‍ കഴിയില്ല. ഈ ജോലിയിലാണ് പ്രതീക്ഷ. ജോലിയില്‍ കയറിവരെ ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. അര്‍ഹമായ മാര്‍ക്ക് ലഭിച്ച് പുറത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കും ജോലി
ജോലി ലഭിക്കണ്ടേ?

കേരളത്തില്‍ തമിഴ് മീഡിയം പഠിച്ച് വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നന്നായി തിളങ്ങാന്‍ പറ്റുന്ന പരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് തമിഴ് മലയാളം തസ്തിക. അതുകൊണ്ട് തന്നെ പലരും വിജ്ഞാപനം വരുന്നതിന് മുന്നേ തന്നെ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തുന്നവരുമാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് പി.എസ്.സിയുടെ ഗുരുതര വീഴ്ചയില്‍ ഇല്ലാതായി പോയതെന്ന് പറയുകയാണ് പാലക്കാട് സ്വദേശി രഞ്ജിത

രഞ്ജിത

പത്താം ക്ലാസുവരെ കേരളത്തില്‍ തമിഴ് മീഡിയം പഠിച്ച ആളാണ് ഞാന്‍. ഭാഷ ന്യൂനപക്ഷമായ ഞങ്ങൾക്ക് പി എസ് സി തമിഴിലും ചോദ്യപേപ്പർ നൽകുന്നുണ്ടെങ്കിലും തമിഴിൽ പഠിക്കാനുള്ള പഠന സാമഗ്രികളും കോച്ചിംഗ് സെന്ററുകളും ഒന്നും ലഭ്യമല്ലാത്തതിനാൽ പൊതു വിഭാഗത്തോടൊപ്പം മത്സരിച്ച് വിജയം കണ്ടെത്താൻ ധാരാളം പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷകളാണ് ഞങ്ങളുടെ പിടിവള്ളികൾ. വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തിയാണ് പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് തമിഴ് മലയാളം തസ്തികയ്ക്ക് തയ്യാറെടുത്തത്. നന്നായി പരീക്ഷ എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ പേരില്ലാതെ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. പുതിയ ലിസ്റ്റില്‍ പേരുണ്ട്. പക്ഷേ, ജോലി കിട്ടണ്ടേ. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും ഇത് സംബന്ധിച്ച് കുറേപേര്‍ പരാതി നല്‍കിയിരുന്നു. പക്ഷേ, പിന്നീട് പരാതിയുടെ സ്റ്റാറ്റസ് നോക്കുമ്പോള്‍ ' ക്ലോസ്ഡ്' എന്നാണ് കാണിക്കുന്നത്. പരാതി തള്ളാനുള്ള കാരണം പോലും ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. തമിഴിൽ പിഎസ്സി നിഷ്കർഷിക്കുന്ന മിനിമം യോഗ്യത നേടാത്തവരാണ് ജോലിയിൽ തുടരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും അവരെ പുറത്താക്കാത്തത് വേദനാജനകമാണ്..

നിയമന ശുപാര്‍ശ ലഭിച്ച് ജോലിയില്‍ കയറിയവരെ സംബന്ധിച്ചും ഭാവി അനിശ്ചിതത്വത്തിലാണ്. പുതിയ കട്ടോഫ് അനുസരിച്ച് തയ്യാറാക്കിയ സാധ്യത പട്ടികയില്‍ ഇവരില്‍ പത്തോളം പേര്‍ക്ക് ഇടം നേടാനായിട്ടില്ല. പട്ടികയിലുള്‍പ്പെട്ട ചിലര്‍ മറ്റ് സര്‍വീസില്‍ നിന്ന് രാജി വെച്ചാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. പി.എസ്.സിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് കാരണം ജോലിയില്‍ പ്രവേശിച്ച് പത്ത് മാസത്തിന് ശേഷം പിരിച്ചുവിടുമെന്നറിയുമ്പോഴുള്ള അങ്കലാപ്പിലാണവരും

പി.എസ്.സി പറയുന്നത്

മൂല്യനിര്‍ണയത്തില്‍ വന്ന അപാകതയാണ് റാങ്ക്‌ലിസ്റ്റിലെ പിഴവിന് കാരണമായതെന്ന് പി.എസ്.സി പറയുന്നു. നിയമനം ലഭിച്ചവര്‍ കോടതിയെ സമീപിച്ച് നേടിയെടുത്ത സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്നും പി.എസ്.സി പറയുന്നു

Content Highlights: Kerala psc, LD clerk, psc tamil and malayalam knowing, kerala psc ldc rank list

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jobs

3 min

ബിരുദക്കാര്‍ക്ക് ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസറാകാം: 8612 ഒഴിവുകള്‍

Jun 7, 2023


jobs

1 min

DRDO-യില്‍ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം

Jun 8, 2023


Indian Railway

1 min

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1033 അപ്രന്റിസ്

Jun 8, 2023

Most Commented