തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനത്തിനുള്ള പരീക്ഷകള്‍ 2018 ജനുവരിയില്‍ പി.എസ്.സി. ആരംഭിക്കും. ഇക്കണോമിക്‌സ്, ഗണിതം, മലയാളം, ജ്യോഗ്രഫി, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളുടെ പരീക്ഷ ജനുവരിയില്‍ നടത്തും. ബാക്കി വിഷയങ്ങള്‍ക്ക് ഫെബ്രുവരിയിലായിരിക്കും പരീക്ഷ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി അഭിമുഖം നടത്തി മേയ്-ജൂണില്‍ റാങ്ക്പട്ടികകള്‍ പ്രസിദ്ധീകരിക്കും. 

അപേക്ഷകര്‍ കുറവുള്ള വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും നടത്തുക. ജ്യോഗ്രഫി, പൊളിറ്റിക്‌സ് എന്നിവയ്ക്ക് ജനുവരിയില്‍ ഓണ്‍ലൈന്‍ പരീക്ഷയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇക്കണോമിക്‌സ്, ഗണിതം, മലയാളം എന്നിവയ്ക്ക് ഒ.എം.ആര്‍ പരീക്ഷയും. വിശദമായ പരീക്ഷാ കലണ്ടര്‍ ഈയാഴ്ച പ്രസിദ്ധീകരിക്കും. 

ആറും ഏഴും വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകതസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. 17 വിഷയങ്ങളുടെ വിജ്ഞാപനം രണ്ടുഘട്ടമായി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കോമേഴ്‌സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടെതാണ് ഈയിടെ പ്രസിദ്ധീകരിച്ചത്. ഇതിനുമുന്‍പ്, ആറുവിഷയങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. മിക്ക വിഷയങ്ങള്‍ക്കും നിലവില്‍ റാങ്ക്പട്ടികയില്ല. പല വിഷയങ്ങള്‍ക്കും പുതിയ അധ്യാപകതസ്തികകള്‍ അനുവദിച്ചിട്ടുമുണ്ട്. പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്. 

ജനുവരിയില്‍ പരീക്ഷ തുടങ്ങുന്നത് പരിഗണിച്ച് സമഗ്രമായ പരിശീലനം 'തൊഴില്‍വാര്‍ത്ത'യുടെ ഒക്ടോബര്‍ 7ന്റെ 49ാം ലക്കംമുതല്‍ ആരംഭിച്ചു. പി.എസ്.സി. അംഗീകരിച്ച നിലവിലെ പാഠ്യപദ്ധതിയനുസരിച്ചാണ് പരിശീലനം തയ്യാറാക്കുന്നത്. വിശദമായ പാഠ്യപദ്ധതി പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടള്‍ാാമയുീ എന്ന ലിങ്കില്‍ PG  LEVEL  SYLLABUS എന്ന തലക്കെട്ടിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഷയങ്ങള്‍ക്കും പൊതുവായി 30 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ബാക്കി 70 മാര്‍ക്കിന് വിഷയാധിഷ്ഠിത ചോദ്യങ്ങളാണ്. പൊതുവിഭാഗത്തില്‍ ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ്, ഭരണഘടന, സാമൂഹികക്ഷേമ പദ്ധതികള്‍, കേരള നവോത്ഥാനം, പൊതുവിജ്ഞാനംആനുകാലിക സംഭവങ്ങള്‍ എന്നിങ്ങനെ ആറുഭാഗങ്ങളാണുള്ളത്. 

പൊതുവിഭാഗം ചോദ്യങ്ങള്‍ക്കും വിഷയാധിഷ്ഠിത ചോദ്യങ്ങള്‍ക്കും ഇടകലര്‍ത്തിയാണ് പരിശീലനം നല്‍കുന്നത്. പൊതുവിഭാഗം പരിശീലനം 'സെറ്റ്' പാഠ്യപദ്ധതികൂടി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുന്നത്. അതിനാല്‍ വരുന്ന സെറ്റിനുകൂടി ഈ പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം.

Content highlights: Kerala Public Service commission, PSC, Kerala PSC, Kerala Government Higher Secondary School Teacher Examination, Kerala PSC HSST Syllabus, HSST Exam