പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് പിരിക്കുന്നുണ്ടെങ്കിലും ലൈബ്രറി സൗകര്യമില്ലാതെ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍. ഇക്കൊല്ലത്തെ ഹയര്‍സെക്കന്‍ഡറി പ്രോസ്പെക്ടസിലും ലൈബ്രറി ഫീസ് ഈടാക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫലപ്രദമായ രീതിയിലുള്ള ലൈബ്രറിപ്രവര്ത്തനമോ, ലൈബ്രേറിയനോ ഇല്ലാതെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളവിദ്യാഭ്യാസച്ചട്ടത്തിലും 2001-ലെ ഹയര്‍ സെക്കന്‍ഡറി സ്പെഷ്യല്‍ റൂള്‍സിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികകളില്‍ യോഗ്യരായ ജീവനക്കാരെ നിയമിക്കണമെന്ന് പറയുന്നുണ്ട്. 22 വര്‍ഷമായിട്ടും അതിന് നടപടിയുണ്ടായില്ല. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും സ്കൂള്‍ ഏകീകരണത്തിന്റെ പേരില്‍ നടപടി നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യത്തില്‍ ഇത്തരം ഇടപെടലുകള്‍ പോലും ഉണ്ടാകുന്നുമില്ല.
ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസ് ഏകീകരണം നടപ്പായശേഷം സാമ്പത്തികസ്ഥിതി പരിശോധിച്ചുമാത്രമേ ലൈബ്രേറിയന്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കുന്നതിന്റെ ആവശ്യകത പരിശോധിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കോടതിയുത്തരവ് നടപ്പാക്കാനുള്ള ബാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഒരു എയ്ഡഡ് സ്കൂളില്‍മാത്രം അഞ്ചുവര്‍ഷത്തേക്ക് താത്കാലിക നിയമനാടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിച്ചുകൊണ്ട് വിധി നടപ്പാക്കിയെന്ന് ഉത്തരവിറക്കുകയും ചെയ്തു.
ഇത് വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണെന്നാണ് ആക്ഷേപം. കുട്ടികളില്‍നിന്ന് ഫീസ് ഈടാക്കിയിട്ടും ലൈബ്രറി സയന്‍സ് യോഗ്യത ഇല്ലാത്ത അധ്യാപകര്‍ക്കാണ് പേരിന് ലൈബ്രറികളുടെ ചുമതല നല്‍കിവരുന്നത്. ഇവര്‍ക്ക് ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ലൈബ്രറിസേവനം പൂര്‍ണമായി കുട്ടികളില്‍ എത്തിക്കാന്‍ കഴിയില്ല.
പുതിയ വിദ്യാഭ്യാസനയപ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പ്രോജക്ട്, അസൈന്മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുണ്ട്. ഇതിനെല്ലാം ലൈബ്രറിയുടെയും ലൈബ്രേറിയന്റെയും സേവനം ആവശ്യമാണെന്നിരിക്കേയാണ് നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..