Representational Image
തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനമാനദണ്ഡങ്ങളിൽ വെള്ളംചേർത്ത് സംഘടനാനേതാക്കളെ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. യു.ജി.സി. കെയർ ലിസ്റ്റിൽപ്പെട്ട ജേണലുകളിൽ കുറഞ്ഞത് പത്തുപ്രസിദ്ധീകരണം ഉണ്ടാകണമെന്ന മാനദണ്ഡത്തെത്തുടർന്ന് നേതാക്കളിൽ ചിലർ പട്ടികയിൽ ഉൾപ്പട്ടിരുന്നില്ല. തുടർന്ന് പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനായി രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളുടെയും അസ്സൽ ലഭ്യമാക്കാൻ സർക്കാർ നിർദേശിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നാലുവർഷമായി ഇൻചാർജ് പ്രിൻസിപ്പൽമാരുള്ള കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാർക്കാണ് അപേക്ഷ ക്ഷണിച്ചത്. എൺപതോളം ഒഴിവുകളാണുള്ളത്. നൂറിലധികം അപേക്ഷകരുണ്ടായിരുന്നുവെങ്കിലും 44 പേർക്ക് മാത്രമാണ് നിശ്ചിതയോഗ്യതയുണ്ടായിരുന്നത്.
സംഘടനാനേതാക്കൾ ഉൾെപ്പടെയുള്ളവർക്ക് വിനയായത് കെയർപട്ടികയിൽപ്പെട്ട ജേണലുകളിൽ പ്രസിദ്ധീകരണമില്ലെന്നതാണ്. പലരും സമർപ്പിച്ചത് സർക്കാർ ജേണലുകളിലും കോളേജുകളിൽ പുറത്തിറക്കുന്ന ജേണലുകളിലുമുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു. ഇവർ സമർപ്പിച്ച പ്രസിദ്ധീകരണങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെക്കൊണ്ട് പരിശോധിപ്പിച്ച് അനുകൂലനടപടി കൈക്കൊള്ളാനാണ് ശ്രമമെന്നാണ് ആക്ഷേപം.
നേതാക്കൾക്കായി ഡെപ്യൂട്ടേഷൻ ഇളവ്
ഡെപ്യൂട്ടേഷൻകാലം അധ്യാപന, ഗവേഷണ പരിചയത്തിൽ ഉൾപ്പെടുത്താൻ ഏതാനുംദിവസംമുമ്പ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതും ഒരു സംഘടനാനേതാവിനുവേണ്ടിയാണെന്നാണ് ആക്ഷേപം. സെലക്ഷൻ ബോർഡ് അർഹരെന്ന് കണ്ടെത്തിയവരുടെ പട്ടികയ്ക്ക് പബ്ലിക് സർവീസ് കമ്മിഷൻ അംഗീകാരംനൽകിയിരുന്നു. പി.എസ്.സി. ശുപാർശയിൽ സർക്കാർ നിയമന ഉത്തരവ് ഇറക്കാനിരിക്കെയാണ് ഫയലുകൾ സർക്കാർ വിളിപ്പിച്ചത്. യോഗ്യതാമാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സർക്കാർ ഉത്തരവിനെതിരേ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി കേന്ദ്രസർക്കാരിനും യു.ജി.സി.ക്കും നിവേദനം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..