തിരുവനന്തപുരം: പതിവുശൈലിയില്‍നിന്നുമാറി വ്യത്യസ്തങ്ങളായ ചോദ്യങ്ങളുമായി പി.എസ്.സി.യുടെ കെ.എ.എസ്. പ്രാഥമിക പരീക്ഷ. യു.പി.എസ്.സി.യുടെ സിവില്‍ സര്‍വീസസ് പരീക്ഷാ മാതൃകയിലായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും.
പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിലവാരമായിരുന്നു ചോദ്യങ്ങള്‍ക്കെന്ന് പരീക്ഷയെഴുതിയ വലിയ വിഭാഗം അഭിപ്രായപ്പെട്ടു. രണ്ടാംപേപ്പറിലെ മലയാളം ചോദ്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. മൂന്നരലക്ഷത്തിലേറെപ്പേര്‍ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക വിവരം. 5.76 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ നാലുലക്ഷം പേര്‍ പരീക്ഷയെഴുതുമെന്ന് അറിയിച്ചിരുന്നു.
പ്രാഥമിക പരീക്ഷയ്ക്ക് രണ്ട് പേപ്പറായിരുന്നു. ജനറല്‍ സ്റ്റഡീസിന്റെ ആദ്യ പേപ്പറായിരുന്നു കടുപ്പം. നേരിട്ടുള്ള ചോദ്യങ്ങള്‍ക്കു പകരം പ്രസ്താവനകളെ അടിസ്ഥാനമാക്കി ശരിയും തെറ്റും കണ്ടെത്തേണ്ടവയായിരുന്നു അധികവും. പരന്ന വായനയെക്കാള്‍ ആഴത്തിലുള്ള അറിവ് അളക്കുന്നതായിരുന്നു ഇവ.
ഭരണഘടനയില്‍നിന്നുള്ളതും വിവിധ ചട്ടങ്ങള്‍ വ്യാഖ്യാനിക്കുന്നതുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പലരും ബുദ്ധിമുട്ടി. കമ്യൂണിസ്റ്റ് സിദ്ധാന്തം, മാര്‍ക്‌സിയന്‍ ചിന്തകള്‍, കോളനിവത്കരണം, ആഗോളീകരണം, കിഫ്ബി, കേരള പുനര്‍നിര്‍മാണം, ലോകകേരള സഭ തുടങ്ങിയവയില്‍നിന്ന് ചോദ്യങ്ങളുണ്ടായി. സമകാലിക സംഭവങ്ങളെക്കുറിച്ച് കാര്യമായ ചോദ്യങ്ങളുണ്ടായില്ല.
ഉച്ചയ്ക്കുശേഷം നടന്ന രണ്ടാംപേപ്പറില്‍ ജനറല്‍ സ്റ്റഡീസിനൊപ്പം മലയാളം, ഇംഗ്ലീഷ് ഭാഷാ ചോദ്യങ്ങളുമുണ്ടായിരുന്നു. മലയാളത്തില്‍ 30ഉം ഇംഗ്‌ളീഷില്‍ 20ഉം ചോദ്യമുണ്ടായി. ഇംഗ്ലീഷ് വ്യാകരണ ചോദ്യങ്ങള്‍ എളുപ്പമായിരുന്നില്ല.
200 മാര്‍ക്കിനുള്ള പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയം ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 5000ത്തിനും 6000ത്തിനും ഇടയ്ക്ക് ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും മുഖ്യപരീക്ഷ. ജൂണിലോ ജൂലായിലോ ആയിരിക്കും ഇത്. നവംബറില്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
2018 പ്രളയത്തിന്റെ കാരണങ്ങളെന്ത്?
സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നുവിട്ടതാണ് 2018ലെ പ്രളയത്തിന്റെ മുഖ്യകാരണമായി പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നതെങ്കിലും അത് ശരിയല്ലെന്നാണ് പി.എസ്.സി.യുടെ ചോദ്യത്തിലുള്ളത്. നാലു പ്രസ്താവനകള്‍ തന്നിട്ട് അവയില്‍ ഏതൊക്കെയാണ് 2018 ഓഗസ്റ്റിലെ പ്രളയത്തിനു കാരണമെന്നാണു ചോദ്യം.
1) തീരപ്രദേശത്തെ കായലുകളോടു ചേര്‍ന്ന മേഖലയിലാണ് സാധാരണ പ്രളയമുണ്ടാകുന്നത്. അവയോടു ചേര്‍ന്ന് പ്രളയത്തിനു സാധ്യതയില്ലാത്ത മേഖലകളിലും വലിയതോതില്‍ വെള്ളം കയറി.
2) നദികളിലൂടെ വലിയ തോതിലുണ്ടായ ജലപ്രവാഹത്തെ കടലിലേക്ക് ഒഴുക്കിവിടാന്‍ അഴിമുഖങ്ങളിലുണ്ടായ തടസ്സം പ്രളയത്തെ വലുതാക്കി.
3) ഓഗസ്റ്റ് 11 മുതല്‍ 15 വരെയുണ്ടായ വലിയ വേലിയേറ്റം വെള്ളപ്പൊക്കം കഠിനമാക്കി.
4) തുടര്‍ച്ചയായുണ്ടായ കാറ്റും മഴയും നദികളില്‍ കൂടുതല്‍ വെള്ളമെത്തിക്കുകയും അതിലൂടെ സമുദ്രജലനിരപ്പ് ഉയര്‍ന്നതും പ്രളയം ശക്തമാക്കി.
ഇവയാണ് പ്രസ്താവനകളായി ചൂണ്ടിക്കാണിച്ചത്.
Content Highlights: KAS Exam, Kerala PSC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..