മലപ്പുറം: ഉന്നത ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ച് വിമാനത്താവളത്തിലെ കസ്റ്റംസിൽ ജോലി വാഗ്ദാനംചെയ്ത് യുവതി തട്ടിപ്പ് നടത്തിയെന്ന് പരാതി.

കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവതിയാണ് തട്ടിപ്പിന് നേതൃത്വംനൽകിയതെന്നാണ് പരാതി. ഒന്നരവർഷമായി തുടരുന്ന തട്ടിപ്പിലൂടെ പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങിയതായി സൂചനയുണ്ട്.

ഇന്ത്യൻ റവന്യു സർവീസ് (ഐ.ആർ.എസ്.) പരീക്ഷ വിജയിച്ചതായി നാട്ടുകാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ഐ.ആർ.എസ്. നേടി ഉയർന്ന ജോലി ലഭിച്ചതായുള്ള പ്രചാരണത്തെത്തുടർന്ന് യുവതിക്ക് നാട്ടുകാർ സ്വീകരണംനൽകിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലാണ് ജോലിയെന്നും പ്രചരിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ സംഘടന നടത്തിയ അനുമോദനച്ചടങ്ങിൽ പ്രദേശത്ത് ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയതിന് ഇവർക്ക് ഉപഹാരവും നൽകിയിരുന്നു. ഇതെല്ലാം ആളുകൾക്കിടയിൽ ഇവർക്കുള്ള വിശ്വാസം കൂട്ടി.

കസ്റ്റംസ് മേധാവിയുമായി സംസാരിച്ച് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നറിയിച്ച് യുവതി പണം വാങ്ങാൻതുടങ്ങി. 50000 മുതൽ 12ലക്ഷംവരെ വാങ്ങിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസായി 200 രൂപയും സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാ രേഖകളും വാങ്ങിച്ചു. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി തരപ്പെടുത്തി കൊടുക്കുമെന്നറിയിച്ചതിനാൽ എസ്.എസ്.എൽ.സി. വരെയുള്ളവരും ചതിയിലകപ്പെട്ടു. വാണിയമ്പലം താളിയംകുണ്ടിൽനിന്ന് 12 ലക്ഷം രൂപ വരെ ഒരാൾക്ക് നഷ്ടപ്പെട്ടു. പണം വാങ്ങിച്ചവർക്കായി പല സ്ഥലങ്ങളിലായി അഭിമുഖം നടത്തി. വണ്ടൂരിൽ നടത്തിയ അഭിമുഖത്തിൽ ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെടൽ വേണ്ടിവന്നു. എറണാകുളം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലുള്ളവർക്ക് വണ്ടൂരിലും നാട്ടുകാർക്ക് എറണാകുളത്തുമാണ് അഭിമുഖം നടത്തിയത്.

ലോകകപ്പ് ഫുട്ബോളിന് അഞ്ചച്ചവിടിയിലെ ആരാധകർ യുവതിയുടെ സഹായത്തോടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായി പറയുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആശംസകൾ എന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.

ഒന്നരവർഷമായിട്ടും ജോലിയൊന്നും ലഭിക്കാത്തതിനാൽ ഉദ്യോഗാർഥികൾ അഭിമുഖം നടത്തിയവരെ അന്വേഷിച്ചെത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.