തിരുവനന്തപുരം: ഐ.ടി. മേഖലയിലെ പുതിയനയങ്ങൾ കേരളത്തെയും ബാധിക്കുമെന്ന് വിദഗ്‌ധർ. അമേരിക്കയിലെ പുതിയ വിസാനിയന്ത്രണങ്ങളും ടെലിമാർക്കറ്റിങ് ഉൾപ്പെടെയുള്ള ബി.പി.ഒ. കമ്പനികളിൽ ഓട്ടോമേഷൻ സംവിധാനങ്ങളുടെ വരവും ഐ.ടി. മേഖലയിൽ താഴേത്തട്ടിലുള്ള ജോലികൾ കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. 

ചെലവുചുരുക്കലിന്റെയും അമേരിക്കൻ വിസാ നിയന്ത്രണങ്ങളുടെയും ഭാഗമായി വൻകിടകമ്പനികൾ ജീവനക്കാരുടെയെണ്ണം വെട്ടിച്ചുരുക്കുന്നുണ്ട്. കമ്പനികൾ റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറുന്നതും ജോലിസാധ്യതകൾ വൻതോതിൽ കുറയുന്നതിനിടയാക്കും. അതേസമയം പുതിയസാഹചര്യങ്ങൾ രാജ്യത്ത് ഐ.ടി. വ്യവസായത്തിന് കരുത്തുപകരുമെന്ന വിലയിരുത്തലുമുണ്ട്.

രണ്ടു വർഷത്തിനിടെ രാജ്യത്ത് ഐ.ടി. മേഖലയിലെ തൊഴിലവസരം പകുതിയാക്കിയതായി നാസ്സ്‌കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസസ് കമ്പനീസ്) ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന ഐ.ടി. കമ്പനികളുടെ ഇടപാടുകൾ 70 ശതമാനവും അമേരിക്കയെ ആശ്രയിച്ചുള്ളതാണ്.

അമേരിക്കയിലെ അധികാരമാറ്റത്തിനുശേഷംവന്ന തൊഴിൽ നയങ്ങൾകാരണം പ്രധാനകമ്പനികളും ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവുചുരുക്കുന്നുണ്ട്. ജീവനക്കാർക്ക് പകരമായി സോഫ്റ്റ്‌വേറുകളോ ഹാർഡ്‌വേറുകളോ ഉപയോഗിക്കുന്നതിന് കമ്പനികൾ നിർബന്ധിതരാകുന്നു. ഇത് തൊഴിൽനഷ്ടത്തിന് ഇടയാക്കുന്നു.  

കമ്പനികൾ റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറിയാലും ഇത്തരംസംവിധാനങ്ങൾക്ക് ആവശ്യമായ തരത്തിലുള്ള തൊഴിൽ കൂടുതലായുണ്ടാകാനാണ് സാധ്യതയെന്ന് കേരളത്തിലെ ഐ.ടി. പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറയുന്നു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനും ഇന്റർനെറ്റ് ഒാഫ് തിങ്‌സും നിലവിലുള്ള ജോലിരീതികളിൽ മാറ്റമുണ്ടാക്കും. 

സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ മാത്രമായി 1.3 ലക്ഷം ജീവനക്കാരുണ്ട്. വൻകിടകമ്പനികൾക്ക് കൂടുതലും പുറംജോലി കരാറുകളാണ് ലഭിച്ചിരുന്നത്. പിന്നീടത് അതത് രാജ്യങ്ങളിൽത്തന്നെ ചെയ്തുതുടങ്ങി. പുതിയസാഹചര്യങ്ങൾ ഇത്തരംജോലികൾ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ സാങ്കേതികതകളുമായി യോജിക്കാത്തവർക്കാകും തൊഴിൽനഷ്ടമുണ്ടാവുക. പുത്തൻ സാങ്കേതികവിദ്യകളിൽ കഴിവുതെളിയിക്കുന്നവർക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ സാധ്യതകൾതുറക്കും. മികച്ചതൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.