പ്രതീകാത്മക ചിത്രം | Photo:gettyimages.in
വടകര: പോലീസ് ഫൊറന്‍സിക് ലാബില്‍ ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള അറിയിപ്പ് ഉദ്യോഗാര്‍ഥിക്ക് കിട്ടിയത് പോലീസ് സ്റ്റേഷന്‍ വഴി. വൈകി അറിയിപ്പ് കിട്ടിയതിനാലും ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടാത്തതിനാലും മണിയൂര്‍ കുറുന്തോടി സ്വദേശിനിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായില്ല. മഠത്തില്‍ അബ്ദുള്‍ റസാഖിന്റെ ഭാര്യ ജസീലയ്ക്കാണ് അവസരം നഷ്ടമായത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തായിരുന്നു ഇന്റര്‍വ്യൂ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. ഇതുപ്രകാരം ബുധനാഴ്ച വൈകീട്ടാണ് വടകര പോലീസ് സ്റ്റേഷനില്‍നിന്ന് ഇന്റര്‍വ്യൂ പട്ടികയില്‍ ജസീലയുടെ പേര് ഉണ്ടെന്നും പങ്കെടുക്കണമെന്നുമുള്ള അറിയിപ്പ് ഫോണില്‍ കിട്ടിയത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടാനും നിര്‍ദേശം കിട്ടി.
സാധാരണയായി ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് തപാല്‍ വഴിയാണ് കിട്ടാറ്. പോലീസ് സ്റ്റേഷന്‍വഴി അറിയിക്കുന്ന പതിവില്ല. ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ കത്ത് രജിസ്റ്റേര്‍ഡ് ആയി അയച്ചിട്ടുണ്ടെന്നും വിവരം കിട്ടി. എന്നാല്‍, വ്യാഴാഴ്ചയും കത്ത് കിട്ടാതെ വന്നതോടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പോയാല്‍ മതിയെന്നും അവിടെ വിവരമുണ്ടാകുമെന്നും പറഞ്ഞു. എന്നാല്‍, സ്റ്റേഷനില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വീണ്ടും ആസ്ഥാനത്തേക്ക് വിളിച്ചെങ്കിലും പിന്നീട് കൃത്യമായ ഒരു വിവരവും കിട്ടിയില്ലെന്നും ജസീലയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ഇതോടെ ഇന്റര്‍വ്യൂവിന് പോകാനും സാധിച്ചില്ല.
കോവിഡ് കാലത്ത് നേരത്തെ അറിയിപ്പ് കിട്ടിയാല്‍മാത്രമേ യാത്ര ആസൂത്രണംചെയ്യാന്‍ കഴിയൂ എന്നിരിക്കെ തിരക്കുപിടിച്ച് ഇന്റര്‍വ്യൂ നടത്തിയത് ദുരൂഹമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്‍ഡ് അയക്കാന്‍ വൈകിയതുകൊണ്ടാണ് സ്റ്റേഷന്‍വഴി വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ല.
കിട്ടിയ ലിസ്റ്റുപ്രകാരം എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചിലരെയൊക്കെ പോലീസ് നേരിട്ടുപോയാണ് വിവരം അറിയിച്ചത്. പലരെയും കണ്ടുപിടിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയശേഷം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ജസീലയുടെ തീരുമാനം.
Content Highlights: Interview notification through police station, women could not attend interview because of late notification
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..