ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ് കാമ്പസ് പ്ലേസ്‌മെന്റിൽ മുൻവർഷത്തെക്കാൾ 30 ശതമാനം വർധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തിൽ 680 വിദ്യാർഥികൾക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുൻവർഷം 526 പേർക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ 136 പേർക്ക് പ്രീ പ്ലേസ്‌മെന്റ് ഓഫറും (പി.പി.ഒ.) ലഭിച്ചു. പി.പി.ഒ. ലഭിച്ചവർക്ക് കമ്പനികളിൽ പരിശീലനത്തിന് ചേരാൻ സാധിക്കും. പരിശീലന കാലയളവിൽ മികവുപ്രകടിപ്പിച്ചാൽ സ്ഥിരംനിയമനം ലഭിക്കും. 

മൈക്രോസോഫ്റ്റ്, ഇന്റൽ, സിറ്റി ബാങ്ക്, ജനറൽ ഇലക്‌ട്രിക്, ഫ്ളിപ്പ്കാർട്ട്, ജെ.പി.മോർഗൻ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, അമേരിക്കൻ എക്സ്പ്രസ് അടക്കം 133 കമ്പനികളാണ് പങ്കെടുത്തത്.ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് കൂടുതൽ ജോലിവാഗ്ദാനം ലഭിച്ചത്. ഐ.ടി. കമ്പനി മൈക്രോൺ ടെക്‌നോളജിയാണ് കൂടുതൽ പേർക്ക് (26) ജോലിവാഗ്ദാനംചെയ്തത്. മൈക്രോസോഫ്റ്റിൽ 25 വിദ്യാർഥികൾക്ക് ജോലിവാഗ്ദാനം ലഭിച്ചു. 13 പേർക്ക് വിദേശത്ത് (യു.എസ്. -ഏഴ്, സിങ്കപ്പൂർ -അഞ്ച്, ദുബായ് -ഒന്ന്) നിയമന വാഗ്ദാനമുണ്ട്.

Content Highlights: Indian Institute of Technology, Madras (IITM), Campus Placements