പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം പ്രദീപ് /മാതൃഭൂമി
തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി.ഡി.എസ്.) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍. രാജ്യത്താകെ 34 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതില്‍ 2462 ഒഴിവ് കേരള സര്‍ക്കിളിലാണ്. പത്താംക്ലാസ് പാസായവര്‍ക്കാണ് അവസരം. ഡിവിഷനുകള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ശമ്പളം: ജോലിചെയ്യുന്ന സമയംകൂടി പരിഗണിച്ചാണ് വേതനം നിശ്ചയിക്കുക. ഇതുപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 12,000 രൂപ മുതല്‍ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവകിന് നാലുമണിക്കൂറിന് 10,000 രൂപ മുതല്‍ 24,470 രൂപവരെയും ലഭിക്കാം.
യോഗ്യത: മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഉള്‍പ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. പ്രാദേശികഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്ലിങ് അറിഞ്ഞിരിക്കണം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിന് പത്താംക്ലാസിലെ മാര്‍ക്കാണ് പരിഗണിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റ് ജീവിതമാര്‍ഗമുണ്ടായിരിക്കണം. ഇത് സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതേ സമയം മറ്റ് ഓഫീസ് ജോലിയുള്ളവരെ പരിഗണിക്കില്ല.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബ്രാഞ്ച് പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിനല്‍കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാന്‍ തയ്യാറായിരിക്കണം.
പ്രായം: 18-40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 13 വര്‍ഷവും ഭിന്നശേഷിക്കാരായ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോള്‍ പോസ്റ്റ് ഓഫീസുകളുടെ മുന്‍ഗണന രേഖപ്പെടുത്താം.
കേരള സർക്കിളിലെ ഡിവിഷനുകൾ
ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി. കോഴിക്കോട്, ആർ.എം.എസ്. എറണാകുളം, ആർ.എം.എസ്. തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, വടകര.
വിവരങ്ങള്‍ക്ക്: www.indiapostgdsonline.gov.in. അവസാനതീയതി: ഫെബ്രുവരി 16.

Content Highlights: India Post Office GDS Recruitment 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..