പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊച്ചി: സംസ്ഥാനസർക്കാർ ജീവനക്കാരുടെ സ്വയംവിരമിക്കലിന് മാർഗനിർദേശവുമായി ധനവകുപ്പ്. അപേക്ഷകളിൽ മേലുദ്യോഗസ്ഥർ അതിവേഗം തീരുമാനമെടുക്കാനാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സ്വയംവിരമിക്കലിനുള്ള അപേക്ഷയുടെ മാതൃകയും ധനവകുപ്പ് ഇറക്കിയിട്ടുണ്ട്.
സ്വയംവിരമക്കലിനുള്ള കേരള സർവീസ് റൂൾസിലെ (കെ.എസ്.ആർ.) ചട്ടമനുസരിച്ച് ജീവനക്കാർ അപേക്ഷ നൽകിയാൽ, മൂന്നുമാസത്തിനകം മേലധികാരി നിരസിച്ചില്ലെങ്കിൽ സ്വയം വിരമിക്കൽ നിലവിൽ വരും. എന്നാൽ, ഒട്ടേറെ കേസുകളിൽ യഥാസമയം മേൽനടപടി സ്വീകരിക്കാത്തതിനാൽ അപേക്ഷകർ ജോലിയിൽ തുടരുകയാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കേണ്ടിവരുന്നതിനുപുറമേ പെൻഷൻ ആനുകൂല്യങ്ങളും അതിന് പലിശയും നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത് സർക്കാരിന് അനാവശ്യസാമ്പത്തിബാധ്യതവരുത്തുന്നതായി വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ജീവനക്കാരുടെ അപേക്ഷ, നോട്ടീസ് കാലാവധിയായ മൂന്നുമാസം ഇല്ലാതെയാണ് ലഭിക്കുന്നതെങ്കിൽ ഓഫീസ് മേലധികാരി അഞ്ചു പ്രവൃത്തി ദിവസത്തിനകം വ്യക്തമായ കാരണം കാണിച്ച് നിരസിക്കണം. വിജിലൻസ്, വകുപ്പുതല, ജുഡീഷ്യൽ നടപടികൾ നേരിടുന്നവരുടെയും സർക്കാർ ബാധ്യതയുള്ളവരുടെയും അപേക്ഷ ഏഴുദിവസത്തിനകം നിരസിക്കണം.
പ്രഥമദൃഷ്ട്യാ യോഗ്യമായ അപേക്ഷകൾ മാത്രമേ നിയമനാധികാരിക്കോ അക്കൗണ്ടന്റ് ജനറലിനോ അയക്കാവൂ. അക്കൗണ്ടന്റ് ജനറലിൽനിന്ന് സർവീസ് വെരിഫിക്കേഷൻ വാങ്ങി നിശ്ചിത തീയതിക്കുമുമ്പ് തീരുമാനമെടുക്കണം. ഇങ്ങനെയല്ലാതെ സ്വയം വിരമിക്കലിന് അനുവദിക്കരുത്. സ്വയം വിരമിക്കലിന്റെ അനുമതി വൈകിയതുമൂലം പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ട സാഹചര്യമുണ്ടായാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു.
സ്വയംവിരമിക്കൽ അപേക്ഷാ മാതൃകയിലും വിജലൻസ് അന്വേഷണം, വകുപ്പുതല അച്ചടക്കനടപടി, സർക്കാർ ബാധ്യത എന്നിവയുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താനുള്ള പ്രത്യേക കോളവും ചേർത്തിട്ടുണ്ട്.
Content Highlights: guidelines for voluntary Retirement
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..