തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി ഉറപ്പാക്കാന്‍ പ്രത്യേകനിധി രൂപവത്കരിക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങി. പുതുതായി കൊണ്ടുവരുന്ന സാമൂഹിക സുരക്ഷാ കോഡില്‍ ഗ്രാറ്റ്വിറ്റി നിയമം തുടരുമെങ്കിലും ഗ്രാറ്റ്വിറ്റി നല്‍കേണ്ട ബാധ്യത തൊഴിലുടമയില്‍ത്തന്നെ നിലനില്‍ക്കും. പ്രസവാനുകൂല്യം, അപകടമരണ നഷ്ടപരിഹാരം എന്നിവയും തൊഴിലുടമയുടെ ബാധ്യതയായി തുടരും. ഇവ ഒഴികെയുള്ള മറ്റുസാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളേ നിര്‍ദിഷ്ട സാമൂഹികസുരക്ഷാനിധിയുടെ പരിധിയില്‍ വരൂ.

 

തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ. നിയമങ്ങള്‍ സാമൂഹിക സുരക്ഷാകോഡില്‍ ലയിപ്പിക്കാതെ ഇപ്പോഴുള്ളതുപോലെ നിലനിര്‍ത്താന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. കോഡിന്റെ മൂന്നാം കരട് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍മന്ത്രി ചൊവ്വാഴ്ച തൊഴിലാളിയൂണിയനുകളെ വിളിച്ചിട്ടുണ്ട്. ഇടതുപക്ഷ തൊഴിലാളിയൂണിയനുകള്‍ ചര്‍ച്ച ബഹിഷ്‌കരിക്കും. ബി.ജെ.പി.യുടെ പോഷക സംഘടനയായ ബി.എം.എസ്സും കരടിലെ ചില വ്യവസ്ഥകളെ ശക്തമായി എതിര്‍ക്കുകയാണ്.

ഇ.പി.എഫ്., ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി എന്നിവയുള്‍പ്പെടെ 16 നിയമങ്ങള്‍ ലയിപ്പിച്ചാണ് സാമൂഹിക സുരക്ഷാ കോഡിന്റെ ആദ്യ കരട് തയ്യാറാക്കിയിരുന്നത്. അതിപ്പോള്‍ 14 എണ്ണമായി കുറച്ചു. സാമൂഹിക സുരക്ഷാനിധിയോടു ചേര്‍ന്നുതന്നെ ഗ്രാറ്റ്വിറ്റിക്ക് വേറെ ഫണ്ട് രൂപവത്കരിച്ച് തൊഴിലുടമ അതിലേക്ക് രണ്ടു ശതമാനം വിഹിതം അടയ്ക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതില്‍ വിഹിതം രണ്ടുശതമാനമായി നിശ്ചയിച്ചത് തൊഴിലാളിയൂണിയനുകളെ ആശങ്കപ്പെടുത്തിയിരുന്നു. നിലവില്‍ മുഴുവന്‍ ഗ്രാറ്റ്വിറ്റിയിലേക്ക് തൊഴിലുടമ ഏതാണ്ട് 4.85 ശതമാനം മാറ്റിവെക്കണമെന്നിരിക്കേ, അത് രണ്ടുശതമാനമായി കുറച്ചാല്‍ ഭാവിയില്‍ ഗ്രാറ്റ്വിറ്റി കുറയുമെന്നായിരുന്നു ആശങ്ക. ഇതേത്തുടര്‍ന്നാണ് മൂന്നാം കരടില്‍ മാറ്റം വരുത്തിയത്. പക്ഷേ, പ്രത്യേക ഗ്രാറ്റ്വിറ്റി നിധി എന്ന കാര്യം മുഴുവനായി അതില്‍നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. അതേസമയം, നിലവിലെ ഗ്രാറ്റ്വിറ്റി നിയമത്തിലെ രണ്ടുകാര്യങ്ങള്‍ കരടില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാറ്റ്വിറ്റി ഉറപ്പാക്കാന്‍ തൊഴിലുടമ നിര്‍ബന്ധമായും എല്‍.ഐ.സി.യുടെ ഗ്രാറ്റ്വിറ്റി ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. പ്രത്യേകമായി അംഗീകൃത ഗ്രാറ്റ്വിറ്റി ഫണ്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സില്‍നിന്ന് ഇളവു നേടാം. ഗ്രാറ്റ്വിറ്റി ഇന്‍ഷുറന്‍സിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും അതു ചെയ്തിട്ടില്ല. പല സ്ഥാപനങ്ങള്‍ക്കും പ്രത്യേക ഗ്രാറ്റ്വിറ്റി നിധിയുമില്ല. പ്രോവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കാന്‍ നേരത്തേ ചില സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്നെങ്കിലും, ഇപ്പോള്‍ വര്‍ധിച്ച പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍തന്നെ ട്രസ്റ്റുള്ള സ്ഥാപനങ്ങളെയും ഇല്ലാത്തവയെയും രണ്ടുതട്ടിലാക്കിയിരിക്കുകയാണ്. ആ നിലയ്ക്ക് പ്രത്യേക ഗ്രാറ്റ്വിറ്റിനിധിക്കായി ഇളവുവാങ്ങുകയും നിര്‍ബന്ധിത ഇന്‍ഷുറന്‍സില്‍നിന്ന് ഒഴിവാകുകയും ചെയ്താല്‍ ഭാവിയില്‍ ഗ്രാറ്റ്വിറ്റിയെ അത് ബാധിച്ചുകൂടെന്നില്ല. സ്ഥാപനം നഷ്ടത്തിലാവുന്ന സാഹചര്യം ഉണ്ടായാല്‍ ഗ്രാറ്റ്വിറ്റിയുടെ കാര്യം ഉറപ്പിക്കാനാവില്ലെന്ന് ചുരുക്കം.

സാമൂഹിക സുരക്ഷാനിധിയോടൊപ്പം ഗ്രാറ്റ്വിറ്റിക്ക് പ്രത്യേക നിധിയുണ്ടെങ്കില്‍ തൊഴിലുടമ നിശ്ചിത തുക അടയ്‌ക്കേണ്ടിവരുമെന്നും ഗ്രാറ്റ്വിറ്റി ഉറപ്പാക്കാനാകുമെന്നുമാണ് തൊഴിലാളിയൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 15 ദിവസത്തെ വേതനമാണ് ഗ്രാറ്റ്വിറ്റിക്ക്്് അടിസ്ഥാനമാക്കുന്നത്. ഒരമാസത്തെ വേതനം അടിസ്ഥാനമാക്കണമെന്നും ഗ്രാറ്റ്വിറ്റിക്ക് പരിധി നിശ്ചയിക്കരുതെന്നും തൊഴിലാളിയൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Gratuity payment will be employer's responsibility