പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ എൻ സജീവൻ
തിരുവനന്തപുരം:എയ്ഡഡ് കോളേജുകളിലെ നിയമനത്തിന് നാലുശതമാനം ഭിന്നശേഷിസംവരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന നിയമം വന്നതോടെ അധ്യാപക നിയമനങ്ങള്‍ പ്രതിസന്ധിയില്‍. 1996-ലാണ് കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിസംവരണം മൂന്നുശതമാനമാക്കി നിയമംകൊണ്ടുവന്നത്. 2016-ല്‍ ഇത് നാലുശതമാനമാക്കി. 2018-ലാണ് കേരളത്തില്‍ ഇത് നടപ്പാക്കി ഉത്തരവിറക്കിയത്.
ഇതുപ്രകാരം, 1996 മുതലുള്ള കണക്ക് നികത്തേണ്ടത് 2018 മുതലുള്ള നിയമനങ്ങളിലാണ്. സര്‍ക്കാര്‍ പണം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിസംവരണം ബാധകമാകുമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമായത്. പ്രമുഖ മാനേജ്മെന്റുകളുടെ കാര്യത്തില്‍ 26 വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങളുടെ നാലുശതമാനം കണക്കാക്കുമ്പോള്‍ 20-25 അധ്യാപകതസ്തികകള്‍ ഭിന്നശേഷി വിഭാഗത്തില്‍ കുടിശ്ശിക വരും.
വ്യക്തിഗത മാനേജ്മെന്റുകളില്‍ താരതമ്യേന ഒന്നോ രണ്ടോ എണ്ണം മാത്രമേ വരൂ. ഭിന്നശേഷി സംവരണ കുടിശ്ശിക തീര്‍ക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയല്ല 2018 മുതല്‍ പല മാനേജ്മെന്റുകളും അധ്യാപക നിയമനവിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് കുടിശ്ശിക ഒഴിവാക്കി പുതിയ നിയമനത്തിനുമാത്രം നാലുശതമാനം ഭിന്നശേഷിസംവരണം നടപ്പാക്കിയാല്‍ മതിയെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. എങ്കിലും കേന്ദ്രനിയമത്തിന് എതിരായതിനാല്‍ അതിന് നിലനില്‍പ്പില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സര്‍വകലാശാലകളിലും പുതിയ നിയമനങ്ങള്‍ക്ക് ഭിന്നശേഷിസംവരണം നടപ്പാക്കി. എന്നാല്‍ '96 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ നടപടിയെടുത്തിട്ടില്ല.
ഉന്നതന്റെ മകള്‍ക്കായി സംവരണ അട്ടിമറി; 60 നിയമനം ഒറ്റയടിക്ക് റദ്ദാക്കി
പ്രമുഖ വിദ്യാഭ്യാസ മാനേജ്മെന്റിന്റെ 60 നിയമനങ്ങള്‍ റദ്ദാക്കാനും ഭിന്നശേഷിസംവരണം ഉള്‍പ്പെടുത്തി പുനര്‍വിജ്ഞാപനം ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചു. 60 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്ക്കുംകൂടി ഒറ്റ വിജ്ഞാപനമാണു പുറപ്പെടുവിച്ചിരുന്നത്. സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഇത് റദ്ദാക്കാന്‍ ഉത്തരവിട്ടതോടെ മാനേജ്മെന്റ് പ്രതിസന്ധിയിലായി.
കേരള സര്‍വകലാശാലയിലെ ഒരു ഉന്നതന്റെ മകള്‍ക്കായി സംവരണം അവഗണിച്ച് ഇംഗ്ലീഷ് അധ്യാപകനിയമനം നടത്തിയതായാണ് പരാതി. ഇതിനെതിരേ ഭിന്നശേഷിക്കാരിയായ ഒരു ഉദ്യോഗാര്‍ഥിയാണ് കോടതിയെ സമീപിച്ചത്. വിജ്ഞാപനത്തില്‍ സംവരണതസ്തിക വ്യവസ്ഥ ചെയ്തിട്ടില്ലെന്നു കാട്ടിയാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കാന്‍ നിര്‍ദേശിച്ചത്. ഇതോടെ പട്ടികയിലുള്ള മറ്റു 59 പേരുടെയും നിയമനം അനിശ്ചിതത്വത്തിലായി. ഇതില്‍ നിയമന അംഗീകാരം ലഭിച്ചവരും ശമ്പളം കിട്ടിത്തുടങ്ങിയവരുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..