-
കോഴിക്കോട്: മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് സംഘടിപ്പിച്ച വെബിനാറില്‍ പരീക്ഷാ തയ്യാറെടുപ്പുകളും പഠനരീതികളും വിശദീകരിച്ച് ഇത്തവണത്തെ സിവില്‍ സര്‍വീസസ് റാങ്ക് ജേതാക്കള്‍. ഇത്തവണ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മികച്ച വിജയംനേടിയ അശ്വതി ശ്രീനിവാസ്, സഫ്ന നസറുദ്ദീന്‍, അരുണ്‍ എസ്. നായര്‍, എസ്. ഗോകുല്‍ എന്നിവരാണ് വെബിനാറില്‍ പങ്കെടുത്തത്.
2018-ലെ പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് തനിക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പ്രചോദനമായതെന്ന് ഗോകുല്‍ പറയുന്നു. ഭാവിയെപ്പറ്റി ഒരുപാടു ചിന്തിക്കുന്ന ആളല്ല താനെന്നും എന്നാല്‍ സിവില്‍ സര്‍വീസിലെത്തിയാല്‍ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുമെന്ന ബോധ്യത്തോടെ തയ്യാറെപ്പ് ആരംഭിച്ചപ്പോള്‍ കാഴ്ചപരിമിതിയെ മറികടന്ന് വിജയം നേടാനായെന്നും ഗോകുല്‍ പറയുന്നു.
2016 മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്ന അശ്വതിയുടെ വിജയകഥയും വേറിട്ടതാണ്. 2016-ല്‍ ആദ്യ തവണ തയ്യാറെടുപ്പുകളില്ലാതെ പരീക്ഷയെഴുതിയിട്ടും പ്രിലിമിനറി പാസായി. എന്നാല്‍ മെയിന്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. അടുത്ത തവണ മികച്ച തയ്യാറെടുപ്പുകളുണ്ടായിട്ടും പ്രിലിമിനറി പോലും കടക്കാനായില്ല. എന്നാല്‍ ദൃഢനിശ്ചയത്തോടെ മുന്നേറിയപ്പോള്‍ നാലാം ശ്രമത്തില്‍ വിജയം കൂടെനിന്നു.
പരീക്ഷാതയ്യാറെടുപ്പില്‍ സ്ഥിരോത്സാഹം വളരെ നിര്‍ണായകമാണെന്ന് സഫ്‌ന അഭിപ്രായപ്പെടുന്നു. കറന്റ് അഫയേഴ്‌സ് പോലുള്ള ഭാഗങ്ങള്‍ എല്ലായ്‌പ്പോഴും അപ്‌ഡേറ്റു ചെയ്തുകൊണ്ടിരിക്കണം. പഠനം എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍നിന്നും തുടങ്ങുന്നത് ആശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായകമാവുമെന്നും സഫ്‌ന പറയുന്നു.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സെല്‍ഫ് സ്റ്റഡിയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അരുണ്‍ പറഞ്ഞത്. ഇന്റര്‍നെറ്റില്‍ ധാരാളം ധാരാളം മെറ്റിരിയലുകള്‍ ലഭ്യമാണെങ്കിലും അതില്‍നിന്നും വേണ്ടതിനെമാത്രം സ്വീകരിച്ച പഠനം ക്രമീകരിക്കണം. ഇന്നത്തെ സാങ്കേതിക ലോകത്ത് കോച്ചിങ് നിര്‍ബന്ധമില്ലെന്നും എന്നാല്‍ പ്രിലിംസിനും മെയിന്‍സിനും മോക്ക് ടെസ്റ്റുകള്‍ ചെയ്യുന്നത് ഗുണകരമാവുമെന്നും അരുണ്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..