Representational Image
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദപ്രവേശനത്തിന് വിദ്യാർഥികൾ ഗണ്യമായി കുറഞ്ഞത് നിലവിലുള്ള അധ്യാപക തസ്തികകൾക്ക് ഭീഷണി ഉയർത്തും. പുതിയ നിയമനങ്ങളെയും ബാധിക്കും. എയ്ഡഡ് കോളേജ് അധ്യാപകരെയാണ് കൂടുതലായി ബാധിക്കുക.
ഈ സ്ഥിതി തുടർന്നാൽ എയ്ഡഡ് സ്കൂളുകളിലേതുപോലെ എയ്ഡഡ് കോളേജുകളിലും അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കാൻ പ്രൊട്ടക്ഷൻ സംവിധാനം ഏർപ്പെടുത്തേണ്ടിവരും. പ്ലസ് ടു വിനുശേഷം പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് ഉന്നതവിദ്യാഭ്യാസവും തുടർന്ന് ജീവിതവുംതേടി പുതിയ തലമുറ കൂട്ടത്തോടെ നാടുവിടുന്നതുമാണ് കുട്ടികൾ കുറയാൻകാരണം.
ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കും ഇംഗ്ലീഷിനുമാണ് കുട്ടികൾ കാര്യമായി കുറയുന്നത്. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകളിലായി ഫിസിക്സിന് മാത്രം 1102, കെമിസ്ട്രി-988, കണക്ക്-1491 സീറ്റുകളിൽ കുട്ടികളില്ല. സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ഇത് കാര്യമായി ബാധിക്കുക. പ്രാക്ടിക്കൽ ക്ലാസുകളാണ് കാരണം. പ്രാക്ടിക്കലിന് വിവിധവിഷയങ്ങൾക്കനുസരിച്ച് 16-19 വിദ്യാർഥികളെയാണ് ഒരു ബാച്ചായി ജോലിഭാരം കണക്കാക്കുന്നതിന് കൂട്ടുന്നത്. ജോലിഭാരത്തിലെ കുറവ് തസ്തികയെയും ബാധിക്കും. വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളെ ഒരുമിച്ചിരുത്തിയാണ് ഭാഷാ ക്ലാസുകളെടുക്കുക. 75 കുട്ടികളുടെ ബാച്ചാണ് ഇതിനുള്ളത്.
കുട്ടികളുടെ കുറവ് ഭാഷാധ്യാപക തസ്തികകളെയും ബാധിക്കും
സ്കൂളിലേതുപോലെ ഒരു ക്ലാസ് അടിസ്ഥാനമാക്കി അധ്യാപക, വിദ്യാർഥി അനുപാതം കോളേജുകളിലില്ല. ഒരാഴ്ചയിൽ പഠിപ്പിക്കുന്ന പീരിയഡുകളാണ് കോളേജുകളിൽ തസ്തിക നിർണയിക്കുന്നതിന്റെ അടിസ്ഥാനം. ആഴ്ചയിൽ 16 മണിക്കൂറാണ് ഒരു തസ്തികയ്ക്ക് വേണ്ടത്. നേരത്തേ അടുത്ത ഒമ്പതു പീരിയഡിന് രണ്ടാം തസ്തിക അനുവദിച്ചിരുന്നു. അതുനിർത്തി നിലവിൽ രണ്ടാംതസ്തികയ്ക്കും 16 മണിക്കൂർ തന്നെവേണം. ഈ നടപടികളിലൂടെ കോളേജുകളിൽ 1200-ൽപരം തസ്തികകൾ ഇല്ലാതായെന്നാണ് കണക്ക്. ഇതിനുപുറമേയാണ് കുട്ടികൾ കുറയുന്ന പ്രതിസന്ധിയും.
Content Highlights: college enrollment drop will affect teachers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..