ന്യൂഡല്‍ഹി: ഗൂഗിള്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യത്തെ മൂന്നു സ്ഥാപനങ്ങളാണെന്ന് ഇന്‍ഡീഡ് എന്ന ജോബ് സൈറ്റിന്റെ കണ്ടെത്തില്‍. 

2017 ല്‍ ഇന്ത്യയില്‍ ജോലി ചെയ്യാവുന്ന ഏറ്റവും മികച്ച 50 സ്ഥലങ്ങള്‍ ബുധനാഴ്ച ഇന്‍ഡീഡ് വെളിപ്പെടുത്തിയിരുന്നു. കമ്പനികളുടെ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് ഈ വിവരം അറിയിച്ചത്.

ആമസോണിന് നാലാം സ്ഥാനമാണ് ലഭിച്ചത്. മാരിയോട്ട് ഇന്റര്‍ നാഷണല്‍ അഞ്ചാമതും ഇന്റല്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഐ.ബി.എം, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌, ഹ്യാറ്റ് എന്നിവയ്ക്ക് യഥാക്രമം ആറ് മുതല്‍ 10 വരെ സ്ഥാനമാണുള്ളത്.

പട്ടികയിലുള്‍പ്പെട്ട മറ്റ് തദ്ദേശീയ കമ്പനികളില്‍ ടാറ്റാ സ്റ്റീല്‍ - 17, ഭാരതി എയര്‍ടെല്‍ - 20, അപ്പോളോ ഹോസ്പിറ്റില്‍ - 22, ടാറ്റാ മോട്ടോഴ്‌സ് - 32,  ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് - 37 എന്നീ സ്ഥാനങ്ങള്‍ നേടി. ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ യഥാക്രമം 45, 46, 47 സ്ഥാനത്തുണ്ട്. 

ആഗോളതലത്തില്‍ 15 മില്ല്യണ്‍ കമ്പനി റിവ്യൂകളാണ് ഇന്‍ഡീഡ് നടത്തിയത്. ഈ കമ്പനികളെല്ലാം തന്നെ  ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്നാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തിയത്. ജോലി സുരക്ഷ, വേതനം, സൗകര്യം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്.

കമ്പനിയെ കുറിച്ചുള്ള അവലോകനങ്ങള്‍ ഒരു ജോലി അന്വേഷകനെ തികച്ചും സ്വാധീനിക്കുമെന്ന് ഇന്‍ഡീഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശി കുമാര്‍ പറഞ്ഞു. അത് വായിച്ച ശേഷമാകും കമ്പനിയില്‍ ചേരണോ വേണ്ടയോ എന്ന് ഉദ്യോഗാര്‍ത്ഥി തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.