എടപ്പാള്‍: പി.എസ്.സി. കഴിഞ്ഞദിവസം നടത്തിയ ഹയര്‍സെക്കന്‍ഡറി എച്ച്.എസ്.എസ്.ടി. കെമിസ്ട്രി ജൂനിയര്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ഒരു ഗൈഡില്‍നിന്ന് പകര്‍ത്തിയതാണെന്ന് ആരോപണം.

റിസര്‍ച്ച് മെത്തഡോളജി വിഭാഗത്തിലെ അഞ്ചില്‍ നാലു ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്നാണെന്നും ഇതു ചോദ്യകര്‍ത്താവ് നല്‍കുന്ന സത്യപ്രസ്താവനയ്ക്ക് വിരുദ്ധമാണെന്നും പരീക്ഷാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗൈഡ് നിര്‍മാതാക്കളായ ചില ഏജന്‍സികള്‍ നല്‍കിയ നോട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചോദ്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. സിലബസ് ആനുപാതിക അടിസ്ഥാനത്തിലല്ല ഒരു ചോദ്യവും വന്നത്.

ഉത്തരാവലിയിലെ പല ഉത്തരങ്ങളും തെറ്റായിരുന്നുവെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 41, 46, 68, 69, 48, 49, 50, 52 തുടങ്ങിയ ചോദ്യങ്ങളെല്ലാം ഒരു ഗൈഡില്‍നിന്ന് പകര്‍ത്തിയതാണെന്നാണ് ആരോപണം.

ഫെബ്രുവരി ഒന്നിന് നടന്ന കംപ്യൂട്ടര്‍ സയന്‍സ് മുതല്‍ 28-ന് നടന്ന കെമിസ്ട്രി വരെയുള്ള പരീക്ഷകളില്‍ മിക്കവയിലും ഇത്തരം അപാകങ്ങള്‍ കടന്നുകൂടിയത് യാദൃച്ഛികമല്ലെന്നാണ് ഇവര്‍ പറയുന്നത്. നിയമസഭയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുള്ളത്. നാനൂറില്‍പ്പരം പേരുള്ള കഴിഞ്ഞതവണത്തെ പട്ടിക നിലനില്‍ക്കെ തിരക്കുപിടിച്ച് പരീക്ഷ നടത്തിയതിലും ദുരുദ്ദേശ്യമുണ്ടെന്നാരോപണമുണ്ട്.

എഴുനൂറോളം ഒഴിവുകള്‍ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി. സീനിയര്‍, ജൂനിയര്‍ തലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 150 പേര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത്. വിദേശത്തുനിന്നടക്കം നിരവധിപേരെത്തി എഴുതുന്ന പരീക്ഷ ചില പരിശീലകരുടെ ഉദ്യോഗാര്‍ഥികളെ സഹായിക്കാനായി ഇത്തരത്തില്‍ നടത്തുന്നതിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ഥികള്‍.