ആനന്ദ് മഹീന്ദ്ര | photo: AP
ന്യൂഡല്‍ഹി: പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ അഗ്നിവീരന്മാര്ക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ തനിക്ക് ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
'അഗ്നിപഥ് സ്കീമുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്നിവീരന്മാരുടെ അച്ചടക്കവും നൈപുണിയും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്കരിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുന്നു. അഗ്നിപഥ് പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു' , ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു
അഗ്നിവീര്‍മാരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന്, 'കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അഗ്നിവീര്‍മാര്‍ക്കുള്ളത്. അഗ്നിവീരന്മാരുടെ ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നീ ഗുണങ്ങള്‍ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന് തുടങ്ങി ചെയിന്‍ മാനേജ്മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അഗ്നീവീരന്മാരെ ഉപയോഗിക്കാമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിലേക്ക് നാലുവര്‍ഷ കരാര്‍ നിയമനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവാക്കളുടെയും സൈനികറിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയില്‍പ്പാതകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ തീവണ്ടികള്‍ക്ക് തീയിടുകയും മറ്റ് അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..