എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍


ഡിസംബര്‍ നാലു വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Reuters Mathrubhumi archives

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്. വിജ്ഞാപന നമ്പര്‍ - CRPD/PO/2020-21/12. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2021 ജനുവരി 29-ന് നടക്കും. ഫലം 2021 മാര്‍ച്ച് അവസാനവാരം പ്രസിദ്ധീകരിക്കും.

തുടക്കത്തില്‍ 27,620 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി: 21-30 വയസ്സ്. 1990 ഏപ്രില്‍ രണ്ടിനും 1999 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പിന്നാക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍, ക്രെഡിറ്റ് കാര്‍ഡ് തുക തിരിച്ചടയ്ക്കാത്തവര്‍, സിബില്‍ റിപ്പോര്‍ട്ട് എതിരായിട്ടുള്ളവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 750 രൂപയാണ് അപേക്ഷാ ഫീസ്.

പരീക്ഷ: പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുക. പ്രിലിമിനറിക്ക് ആകെ 100 മാര്‍ക്കാണ്. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായാണ് പരീക്ഷ. ഓരോ ഭാഗത്തിനും 20 മിനിറ്റുവീതമാണുണ്ടാകുക. ആകെ സമയം ഒരു മണിക്കൂര്‍.

മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. ഒബ്ജക്ടീവ് ടെസ്റ്റിന് മൂന്ന് മണിക്കൂറാണ് സമയം. റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ഡേറ്റ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവെയര്‍നസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിങ്ങനെ നാലു ഭാഗങ്ങളിലായി 155 ചോദ്യങ്ങളാണുണ്ടാകുക. ഈ ടെസ്റ്റ് കഴിഞ്ഞയുടന്‍തന്നെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് കംപ്യൂട്ടറില്‍ തന്നെയെഴുതണം. 30 മിനിറ്റാണ് സമയം. ഇംഗ്ലീഷ് ഭാഷയില്‍ ലെറ്റര്‍ റൈറ്റിങ്ങും എസ്സേയുമാണ് ചോദ്യമായുണ്ടാകുക.

മെയിന്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ 50 മാര്‍ക്കിനുള്ള അഭിമുഖമോ അല്ലെങ്കില്‍ 30 മാര്‍ക്കിന്റെ അഭിമുഖവും 20 മാര്‍ക്കിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ചേര്‍ന്നോ ഉണ്ടാകും.

അപേക്ഷ

അപേക്ഷ ഓണ്‍ലൈനായാണ് അയക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണുള്ളത്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ അയക്കാനും വിശദവിവരങ്ങള്‍ക്കും bank.sbi/careers, www.sbi.co.in/careers എന്നിവ കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 4.