വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവാണുള്ളത്. സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. ഉദ്യോഗാര്‍ഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും.

റാലിയില്‍ യോഗ്യത നേടുന്നവര്‍ക്ക് പൊതു പ്രവേശന പരീക്ഷ ഉണ്ടാകും. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

യോഗ്യത: പത്താംക്ലാസ്. എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ആകെ കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

പ്രായം: 21. 2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത: കുറഞ്ഞത് 152 സെ.മീ. ഉയരം. ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും ഭാരം ഉണ്ടായിരിക്കണം.

കായികക്ഷമത: 1.6 കിലോമീറ്റര്‍ ഓട്ടം ഗ്രൂപ്പ് I-ന് ഏഴ് മിനിറ്റ് 30 സെക്കന്‍ഡും ഗ്രൂപ്പ് II-ന് എട്ട് മിനിറ്റുമാണ് പൂര്‍ത്തിയാക്കേണ്ട സമയം. ലോങ് ജമ്പ് 10 അടി യോഗ്യത നേടണം. ഹൈജമ്പ് മൂന്ന് അടി യോഗ്യത നേടണം.

റാലി: റാലിക്കായി പോകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈയില്‍ കരുതണം.

റാലിയില്‍ പങ്കെടുക്കാന്‍ വേണ്ട രേഖകള്‍: അഡ്മിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ക്ലാസ്/കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റിലിജന്‍ സര്‍ട്ടിഫിക്കറ്റ്, കാരക്ടര്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം. അവസാന തീയതി: ജൂലായ് 20.

വിവരങ്ങള്‍ക്ക്:www.joinindianarmy.nic.in

Content Highlights: Vaccancies in Women military police