2021-ലെ യു.പി.എസ്.സി സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 24 വരെ. ജൂണ്‍ 27-നാണ് പ്രാഥമിക പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളുണ്ട്. 

മികച്ച വിജയം നേടുന്നവര്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് തുടങ്ങിയ 19 വിഭാഗങ്ങളിലെ തസ്തികകളില്‍ പ്രവേശിക്കാം. 

എല്ലാ വിഭാഗങ്ങളിലും കൂടി ഏകദേശം 712 ഒഴിവുകളാണുള്ളത്. അവസാനഘട്ടത്തില്‍ ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. ഇതില്‍ 22 ഒഴിവുകള്‍ ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റി വിഭാഗത്തിന് സംവരണം ചെയ്തതാണ്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതണം. ഫോറസ്റ്റ് സര്‍വീസില്‍ ഏകദേശം 110 ഒഴിവുകളാണുള്ളത്.

യോഗ്യത: ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ ബിരുദതലത്തില്‍ ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നീ വിഷയങ്ങളിലൊന്ന് പഠിച്ചവരോ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദമുള്ളവരോ ആയിരിക്കണം.

പ്രായപരിധി: 2021 ഓഗസ്റ്റ് ഒന്നിന് 21-നും 32-നും ഇടയിലായിരിക്കണം വയസ്സ്. അതായത് 1989 ഓഗസ്റ്റ് രണ്ടിന് മുമ്പോ 2000 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും വിമുക്തഭടന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും വയസ്സിളവുണ്ട്.

പരീക്ഷ: രണ്ട് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുക. പ്രിലിമിനറി ഘട്ടത്തില്‍ ഒബ്ജക്ടീവ് ടെപ്പ് ചോദ്യങ്ങളാണുണ്ടാകുക. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത. എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്നതാണ് മെയിന്‍ പരീക്ഷ.

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണുള്ളത്. ഒബ്ജക്ടീവ് ടൈപ്പില്‍ ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളായാണ് പരീക്ഷ. ഓരോ പേപ്പറിലും 200 മാര്‍ക്ക് വീതം. തെറ്റായ ഉത്തരങ്ങള്‍ക്ക് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും.

ജനറല്‍ വിഭാഗക്കാര്‍ക്ക് ആറ് തവണ പ്രിലിമിനറി പരീക്ഷയെഴുതാന്‍ അവസരം ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അവസരങ്ങളുടെ എണ്ണത്തിന് നിബന്ധനയില്ല. ഒ.ബി.സി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒമ്പത് അവസരമാണ് ലഭിക്കുക.

മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം. ഈ പരീക്ഷയില്‍ ഉപന്യാസരൂപത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്ന ചോദ്യങ്ങളാണുണ്ടാകുക. ആകെ ഒമ്പത് പേപ്പറുകളുണ്ടാകും. ഇംഗ്ലീഷ് ഒഴികെയുള്ള മറ്റ് പേപ്പറുകളില്‍ മലയാളത്തിലും പരീക്ഷയെഴുതാം. ഓരോ പരീക്ഷയ്ക്കും മൂന്ന് മണിക്കൂര്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ മെയിന്‍ പരീക്ഷ വേറെയായിട്ടാണ് നടത്തുക. ഇതിന് ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ 10 കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ. കേരളത്തില്‍ കേന്ദ്രങ്ങളില്ല.

അപേക്ഷ: വിശദവിവരങ്ങള്‍ www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 

ആധാര്‍ കാര്‍ഡ്/വോട്ടര്‍ കാര്‍ഡ്/പാന്‍ കാര്‍ഡ്/പാസ്പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്/സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ ഏതെങ്കിലും ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയിലേതെങ്കിലുമൊന്ന് അപേക്ഷ അയയ്ക്കുമ്പോള്‍ ആവശ്യമാണ്. ഇതിന്റെ സ്‌കാന്‍ ചെയ്ത  കോപ്പി അപ്ലോഡ് ചെയ്യണം. ഒപ്പം പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടത്തിലും ഈ കാര്‍ഡും അതിലെ വിവരങ്ങളുമാണ് ഉപയോഗിക്കുക. എല്ലാ ഘട്ടത്തിലും ഈ കാര്‍ഡ് ഹാജരാക്കുകയും വേണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.

ഓരോ പരീക്ഷാകേന്ദ്രത്തിലും പരീക്ഷയ്ക്ക് ഇരിക്കുന്നവരുടെ എണ്ണത്തില്‍ നിബന്ധനയുണ്ട്. അതിനാല്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്കായിരിക്കും അവസരം ലഭിക്കാന്‍ കൂടുതല്‍ സാധ്യത.

അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍, എസ്.സി./എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

പരീക്ഷയ്ക്ക് മൂന്നാഴ്ച മുമ്പ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 011 - 23385271, 23381125, 23098543 എന്നീ ഫോണ്‍ നമ്പറുകളില്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാവുന്നതാണ്.

thozhil

Content Highlights: UPSC civil services application deadline on march 24