പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ഓഫീസറാവാന്‍ അവസരം. സ്‌കെയില്‍ വണ്‍ കേഡറിലുള്ള ഓഫീസര്‍ (ജനറലിസ്റ്റ്) തസ്തികയിലെ 300 ഒഴിവുകളിലേക്കാണ് നിയമനം. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. നിയമനം ഇന്ത്യയില്‍ എവിടെയും ലഭിക്കാം.

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമാണ് യോഗ്യത. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനവും മറ്റുള്ളവര്‍ക്ക് 60 ശതമാനവും മാര്‍ക്കുണ്ടാകണം. സെപ്റ്റംബര്‍ 30-നകം നേടിയതാകണം യോഗ്യത. അവസാന വര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാമെങ്കിലും സെപ്റ്റംബര്‍ 30-നകം യോഗ്യത നേടിയതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കണം.

പ്രായം

2021 ഏപ്രില്‍ ഒന്നിന് 21-30 വയസ്സ്. 1991 ഏപ്രില്‍ രണ്ടിനും 2000 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവു ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ്

പ്രാഥമികപരീക്ഷ, മുഖ്യപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ. 100 മാര്‍ക്കിനാണ് പരീക്ഷ. പ്രാഥമികപരീക്ഷയില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ മുഖ്യപരീക്ഷ അഭിമുഖീകരിക്കണം. രണ്ടു ഘട്ടങ്ങളുള്ള മുഖ്യപരീക്ഷയുടെ ഒന്നാംഘട്ടം ഒബ്ജക്ടീവും രണ്ടാംഘട്ടം ഡിസ്‌ക്രിപ്റ്റീവുമായിരിക്കും. ഒബ്ജക്ടീവ് പരീക്ഷകളില്‍ (പ്രാഥമികപരീക്ഷയിലും മുഖ്യപരീക്ഷയിലും) തെറ്റുത്തരത്തിന് നാലിനൊന്ന് മാര്‍ക്ക് നഷ്ടമാവും.

അപേക്ഷ

www.newindia.co.in വഴി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, സിഗ്നേച്ചര്‍, വിരലടയാളം, സ്വന്തം കൈയക്ഷരത്തിലുള്ള പ്രസ്താവന തുടങ്ങിയവ സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം. സ്‌കാന്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബര്‍ 21.

ശമ്പളം: 32,795-62,345 രൂപ

Content Highlights: The New India Assurance: 300 vacancies in officer posts