രസേനയില്‍ ഓഫീസറാകാന്‍ താത്പര്യമുള്ളവര്‍ ഇനി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ സ്‌കോര്‍ നേടണം. 2022 ജനുവരിയില്‍ തുടങ്ങുന്ന ടെക്നിക്കല്‍ എന്‍ട്രി സ്‌കീം (10+2) 46-ാമത് കോഴ്സിലേക്ക് ജെ.ഇ.ഇ. മെയിന്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനമെന്ന് കരസേന ഡയറക്ടേറ്റ് ജനറല്‍ ഓഫ് റിക്രൂട്ടിങ് അറിയിച്ചു.

ജൂലായ്-ഓഗസ്റ്റില്‍ അപേക്ഷ ക്ഷണിക്കും. നിലവില്‍ 12-ാം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പി.സി.എം.) അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഈ മാനദണ്ഡത്തിന് പുറമേയാണ് ജെ.ഇ.ഇ. മെയിന്‍ കൂടി ഉള്‍പ്പെടുത്തി യോഗ്യതാ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

• ടെക്നിക്കല്‍ എന്‍ട്രി (10+2)

അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനായി നിയമനം. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ എന്‍ജിനിയറിങ് ബിരുദം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജൂലായ്-ഓഗസ്റ്റിലെ വിജ്ഞാപനം കാണുക. വിവരങ്ങള്‍ക്ക്: https://joinindianarmy.nic.in/

• നേവി 10+2 ബി.ടെക്. കേഡറ്റ് എന്‍ട്രി

ജെ.ഇ.ഇ. മെയിന്‍ (ബി.ഇ./ബി.ടെക്.) അഖിലേന്ത്യാ റാങ്ക് അടിസ്ഥാനമാക്കിയാണ് നാവികസേന 10+2 ബി.ടെക്. കാഡറ്റ് എന്‍ട്രി സ്‌കീമിലേക്ക് പ്രവേശനം നടത്തുന്നത്. ജെ.ഇ.ഇ. മെയിന്‍ ഫലം പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കാം. ഓഫീസര്‍ റാങ്കില്‍ നിയമനം. ബി.ടെക്. ബിരുദം ലഭിക്കും. ഏഴിമല നേവല്‍ അക്കാദമിയിലാണ് പരിശീലനം. എജ്യുക്കേഷന്‍ ബ്രാഞ്ച്, എക്‌സിക്യൂട്ടീവ്, എന്‍ജിനിയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളിലേക്ക് പ്രവേശനം. വര്‍ഷത്തില്‍ രണ്ട് തവണയാണ് അപേക്ഷ ക്ഷണിക്കുക. വിവരങ്ങള്‍ക്ക്: https://www.joinindiannavy.gov.in/

• ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

പുണെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എ.ഐ.ടി.) എന്‍ജിനിയറിങ് യു.ജി., പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മെയിന്‍ വഴിയാണ്. യു.ജി.-കംപ്യൂട്ടര്‍ എന്‍ജി., ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജി., ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജി., പി.ജി.- മെക്കാനിക്കല്‍ ഡിസൈന്‍. കരസേനയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ആശ്രിതര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: https://www.aitpune.com/

• ജെ.ഇ.ഇ. മെയിന്‍
2021-ലെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ നാല് സെഷനുകളിലായിട്ടാണ് നടത്താന്‍ നിശ്ചയിച്ചത്. ആദ്യത്തെ രണ്ട് സെഷനുകള്‍ കഴിഞ്ഞെങ്കിലും കോവിഡ് കാരണം ഏപ്രില്‍, മേയ് സെഷനുകള്‍ മാറ്റിവെച്ചു. എത്ര സെഷന്‍ വേണമെങ്കിലും അഭിമുഖീകരിക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.കള്‍.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.) എന്നിവയിലെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് കോഴ്സുകളിലെ പ്രവേശനമാണ് ജെ.ഇ.ഇ. മെയിന്‍ വഴി നടത്തുന്നത്. വിവരങ്ങള്‍ക്ക്: https://jeemain.nta.nic.in/

എന്‍.ടി.പി.സി.യില്‍ 280 എന്‍ജിനിയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി ഒഴിവ്. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗക്കാര്‍ക്കാണ് അവസരം. നിയമനം വിവിധ പ്ലാന്റിലോ പ്രോജക്ടിലോ ആയിരിക്കും. വിവരങ്ങള്‍ക്ക്: www.ntpc.co.in അവസാനതീയതി: ജൂണ്‍ 10.

Content Highlights:Technical entry to indian army by JEE Main