സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ പരീക്ഷ 2018-ന് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, റെയില്‍വേ, ആംഡ് ഫോഴ്സസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, സബോഡിനേറ്റ് ഓഫീസസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സെന്‍ട്രല്‍ ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് ഹിന്ദി പ്രധ്യാപക്, വിവിധ സര്‍ക്കാര്‍വകുപ്പുകളിലേക്ക് സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക. ഇവയെല്ലാം ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികകളാണ്. 

ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എസ്.സി., എസ്.ടി., ഒ.ബി.സി., അംഗപരിമിത വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്.  

യോഗ്യത

1. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ് കോഡ് 'എ' മുതല്‍ 'ഡി' വരെയുള്ള തസ്തികകള്‍): ശമ്പളം 35,400-1,12,400 രൂപ ​

ഇംഗ്ലീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷോ ഹിന്ദിയോ നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ലീഷ് മെയിന്‍ വിഷയമായി പഠിച്ചുകൊണ്ട് നേടിയ ബിരുദം. ഹിന്ദി മെയിനായി പഠിച്ചവര്‍ ഇംഗ്ലീഷ് സബ്സിഡിയറി ആയും ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവര്‍ ഹിന്ദി സബ്സിഡറി ആയും പഠിച്ചിരിക്കണം. 

2. സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ് കോഡ് 'ഇ'): ശമ്പളം 44,900-1,42,400 രൂപ. 

ഇംഗ്ലീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. പി.ജി.ക്ക് ഹിന്ദി മെയിനായി പഠിച്ചവര്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് സബ്സിഡിയറി ആയും പി.ജി.ക്ക് ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവര്‍ ബിരുദതലത്തില്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ്/ഹിന്ദി അല്ലാത്ത വിഷയത്തില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി നിര്‍ബന്ധ/ഇലക്ടീവ് വിഷയം അല്ലെങ്കില്‍ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്ന് നിര്‍ബന്ധ/ഇലക്ടീവ് വിഷയമോ ആയിരിക്കണം. ഈ യോഗ്യതയുള്ളവര്‍ക്ക് ട്രാന്‍സ്ലേഷനില്‍ (ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ളത്), സര്‍ക്കാര്‍ ഓഫീസുകളിലെ തര്‍ജമവിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. 

3. ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍/ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ്  കോഡ് 'എഫ്'):ശമ്പളം 35,400-1,12,400 രൂപ

ഇംഗ്ലീഷ്/ ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷോ ഹിന്ദിയോ നിര്‍ബന്ധ/ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദി/ ഇംഗ്ലീഷ് മെയിന്‍ വിഷയമായി പഠിച്ചുകൊണ്ട് നേടിയ ബിരുദം. ഹിന്ദി മെയിനായി പഠിച്ചവര്‍ ഇംഗ്ലീഷ് സബ്സിഡറി ആയും ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവര്‍ ഹിന്ദി സബ്സിഡറി ആയും പഠിച്ചിരിക്കണം.

4. ഹിന്ദി പ്രധ്യാപക് (പോസ്റ്റ് കോഡ് 'ജി'): ശമ്പളം 47,600-1,51,100 രൂപ

ഹിന്ദിയില്‍ ബിരുദാനന്തരബിരുദം, ബി.എഡ്. ബിരുദതലത്തില്‍ ഇംഗ്ലീഷ് നിര്‍ബന്ധ/ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. പ്ലസ്ടുതലത്തിലെ ഹിന്ദി അധ്യാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

പ്രായം (എല്ലാ തസ്തികകള്‍ക്കും)

2019 ജനവരി ഒന്നിന് 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരവും. 

എഴുത്തുപരീക്ഷ, വ്യക്തിത്വപരിശോധന/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏത് തസ്തിക വേണമെന്ന ഓപ്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യം അപേക്ഷാഫോമിലുണ്ട്. ജനുവരി 12-നാണ് പരീക്ഷ നടക്കുക. കൊച്ചിയാണ് (കോഡ് നമ്പര്‍: 9204) കേരളത്തിലെ ഏക പരീക്ഷാകേന്ദ്രം. ബെംഗളൂരു (കോഡ് നമ്പര്‍: 9001), ചെന്നൈ (കോഡ് നമ്പര്‍: 8201) എന്നീ നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളാണ്. 

ജനറല്‍ ഹിന്ദി, ജനറല്‍ ഇംഗ്ലീഷ്, തര്‍ജമയും ഉപന്യാസരചനയും എന്നിവയുള്‍പ്പെടുത്തിക്കൊണ്ട് രണ്ട് ഭാഗങ്ങളിലായി 400 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെയുമായിരിക്കും പരീക്ഷ. രാവിലെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ മാത്രമേയുണ്ടാകൂ. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.  

അപേക്ഷാഫീസ്: 100 രൂപ. SC/ST/ അംഗപരിമിതര്‍/ വിമുക്തഭടര്‍/ വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ. ചലാന്‍/നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഓണ്‍ലൈനായിവേണം ഫീസ് അടയ്ക്കാന്‍. 

translator

അപേക്ഷിക്കേണ്ട വിധം http://www.ssconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. പാര്‍ട്ട് വണ്‍, പാര്‍ട്ട് ടു എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കണം. എസ്.എസ്.സി. വെബ്സൈറ്റില്‍ നേരത്തേ വണ്‍-ടൈം രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനായി ഫീസടച്ച് പാര്‍ട്ട് വണ്‍, പാര്‍ട്ട് ടു എന്നീ രണ്ട് ഘട്ടങ്ങളും ഒരുമിച്ച് പൂര്‍ത്തിയാക്കാം. 

ഓണ്‍ലൈന്‍ അപേക്ഷാഫോമില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പിന്റെ പകര്‍പ്പും അപ്ലോഡ്‌ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19.

 

Thozhil final