സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2018-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 33 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. 

യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റര്‍/അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ (ഫിനാന്‍സ്), ബിസിനസ് ഇക്കണോമിക്‌സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്കുണ്ടാവണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്/എക്‌സാമിനര്‍/പ്രിവന്റീവ് ഓഫീസര്‍), സബ് ഇന്‍സ്‌പെക്ടര്‍ (എന്‍.ഐ.എ.) എന്നീ തസ്തികകള്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. 

പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: കൊച്ചി (കോഡ്: 9204), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212). അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4. വെബ്സൈറ്റ്: http://www.ssconline.nic.in