2020-ലെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം. കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. നിലവില്‍ 6506 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിലെ ഗസറ്റഡ് തസ്തികകളായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തുടങ്ങിയവയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, സി.ബി.ഐ.യിലെ സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ 32 തസ്തികകളിലെ നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. 

യോഗ്യത: ബിരുദം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/കൊമേഴ്‌സിലോ ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ (ഫിനാന്‍സ്) ബിസിനസ് ഇക്കണോമിക്‌സിലോ ബിരുദാനന്തരബിരുദം അഭികാമ്യം. 

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയുടെ യോഗ്യത: ബിരുദവും പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്കും അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായുള്ള ബിരുദം. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

പ്രായപരിധി: ഓരോ തസ്തികയിലേക്കും വ്യത്യസ്ത പ്രായപരിധിയാണുള്ളത്. 18 മുതല്‍ 32 വയസ്സ് വരെ പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണുള്ളത്. നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണവ. മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം.

നാല് ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യ രണ്ടെണ്ണവും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാണ്. മൂന്നാമത്തേത് വിവരണാത്മക എഴുത്തുപരീക്ഷയും നാലാമത്തേത് കംപ്യൂട്ടര്‍/ഡേറ്റാ എന്‍ട്രി എന്നിവയിലെ അറിവ് അളക്കുന്നതുമായിരിക്കും.

ssc.nic.in എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങളുണ്ട്. ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍ (ഇ.എസ്.എം.) എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

thozhil

Content Highlights: SSC CGL exam, 6506 vacancies for graduates apply till January 31