ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) പാരാമെഡിക്കൽ, വെറ്ററിനറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രുപ്പ് ബി, സി. തസ്തികകളിലായി 110 ഒഴിവുണ്ട്. ഇതിൽ 37 ഒഴിവ് എസ്.ഐ.റാങ്കിലുള്ള സ്റ്റാഫ് നഴ്സ് തസ്തികയിലാണ്. എ.എസ്.ഐ. (ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ)- 1, എ.എസ്.ഐ-(ലാബ് ടെക്നീഷ്യൻ)- 28, സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ)-9, എച്ച്.സി. (വെറ്ററിനറി)-25, കോൺസ്റ്റബിൾ (കെന്നൽമാൻ)-9 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവുകൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്.ഐ.(സ്റ്റാഫ് നഴ്സ്, എച്ച്.സി. (വെറ്ററിനറി), സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ തസ്തികകളിൽ 10 ശതമാനം ഒഴിവുകൽ വിമുക്തഭടർക്കുള്ളതാണ്.

ഓരോ തസ്തികയിലെയും പ്രായം, യോഗ്യത, ശമ്പളസ്കെയിൽ എന്ന ക്രമത്തിൽ ഇനി പറയുന്നു

എസ്.ഐ. (സ്റ്റാഫ് നഴ്സ്): പ്ലസ് ടു/ തത്തുല്യം, ജനറൽ നഴ്സിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, സ്റ്റേറ്റ്/ സെൻട്രൽ നഴ്സിങ് കൗൺസിലിൽ ജനറൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിസ്ട്രേഷൻ. അഭിലഷണീയം: ട്യൂബർകുലോസിസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, സിസ്റ്റർ ട്യൂട്ടർ, പബ്ലിക് ഹെൽത്ത്, പീഡിയാട്രിക്, സൈക്യാട്രി എന്നിവയുമായി ബന്ധപ്പട്ടെ പ്രവർത്തന പരിചയം അഭിലഷണീയമാണ്. പ്രായം 21-30 വയസ്സ്. ശമ്പളം 35,400-1,12,400 രൂപ.

എ.എസ്.ഐ. (ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ): സയൻസ് വിഷയം ഉൾപ്പെട്ട പ്ലസ് ടു/ തത്തുല്യവും ഓപ്പറേഷൻ ടെക്നിക്കിൽ ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തിൽ സർട്ടിഫിക്കറ്റ്. പ്രായം 20-25 വയസ്സ്. ശമ്പളം 29,200-92,300 രൂപ.

എ.എസ്.ഐ. (ലബോറട്ടറി ടെക്നീഷ്യൻ): യോഗ്യത- സയൻസ് വിഷയം ഉൾപ്പെട്ട പ്ലസ് ടു/ തത്തുല്യം, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ. പ്രായം 18-25 വയസ്സ്. ശമ്പളം 29,200-92300 രൂപ.

സി.ടി. (വാർഡ് ബോയ്/ വാർഡ് ഗേൾ/ ആയ): യോഗ്യത-പത്താം ക്ലാസ് വിജയം/ തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയം/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തെ പരിചയവും/ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ നേടിയ ദ്വിവത്സര ഡിപ്ലോമ. മൾട്ടി സ്കിൽഡായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായം 18-23 വയസ്സ്. ശമ്പളം 21,700-69,100 രൂപ.

എച്ച്.സി.(വെറ്ററിനറി): യോഗ്യത-പന്ത്രണ്ടാം ക്ലാസ് വിജയം, കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റ് കോഴ്സും ഒരുവർഷത്തെ പ്രവർത്തന പരിചയവും. പ്രായം 18-25 വയസ്സ്. ശമ്പളം 25,500-81,000 രൂപ.

കോൺസ്റ്റബിൾ (കെന്നൽമാൻ): യോഗ്യത-പത്താംക്ലാസും ഗവ.വെറ്ററിനറി ഹോസ്പിറ്റലുകളിലോ വെറ്ററിനറി കോളേജിന്റെ ഡിസ്പെൻസറികളിലോ ഗവ.ഫാമുകളിലോ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള പരിചയം. പ്രായം 18-25 വയസ്സ്. ശമ്പളം 21,700-69,100 രൂപ.

വിശദവിവരങ്ങൾ bsf.gov.in എന്ന എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: ജൂലായ് 25.

Content Highlights: Paramedical Veterinary staff vacancy in BSF, Apply now