നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ഡിപ്ലോമക്കാര്‍ക്ക് അവസരം. 

ഭാരതീയ റെയില്‍ ബിജ്ലി കമ്പനി ലിമിറ്റഡ് (BRBCL), കാന്തി ബിജ്ലി ഉത്പാദന്‍ നിഗം ലിമിറ്റഡ് (KBUNL), നബി നഗര്‍ പവര്‍ ജനറേറ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (NPGCL) എന്നീ സ്ഥാപനങ്ങളിലേക്കാണ് ഡിപ്ലോമ ട്രെയിനിമാരെ നിയമിക്കുന്നത്. 

മെക്കാനിക്കല്‍ വിഭാഗത്തില്‍ 29, ഇലക്ട്രിക്കല്‍-28, സി ആന്‍ഡ് ഐ-16, സിവില്‍-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ കമ്പനികളിലെയും ഒഴിവുകള്‍ പ്രത്യേകം അറിയുന്നതിന് പട്ടിക കാണുക. 

യോഗ്യത:  ഇലക്ട്രിക്കല്‍-ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ 70 ശതമാനം മാര്‍ക്കോടെ മുഴുവന്‍സമയ ത്രിവത്സര ഡിപ്ലോമ. 
മെക്കാനിക്കല്‍-മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 70 ശതമാനം മാര്‍ക്കോടെ മുഴുവന്‍സമയ ത്രിവത്സര ഡിപ്ലോമ.

സിഐ - ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ 70 ശതമാനം മാര്‍ക്കോടെ മുഴുവന്‍സമയ ത്രിവത്സര ഡിപ്ലോമ. 

സിവില്‍-സിവില്‍ എന്‍ജിനീയറിങ്ങില്‍ 70 ശതമാനം മാര്‍ക്കോടെ മുഴുവന്‍സമയ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി: 25 വയസ്സ്. ഏപ്രില്‍ 26 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. 

പൊതു എഴുത്തുപരീക്ഷയുടെയും നൈപുണ്യപരിശോധനയുടെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവര്‍ക്ക് ഒരുവര്‍ഷമാണ് പരിശീലന കാലാവധി. പരിശീലന കാലയളവില്‍ പ്രതിമാസം 15,500 രൂപയാണ് ശമ്പളം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് കമ്പനിയില്‍ 15,500-3%-34,500 ശമ്പളസ്‌കെയിലില്‍ നിയമനം ലഭിക്കും. 

മേയ് 28-നാണ് എഴുത്തുപരീക്ഷ. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. നോളജ് ടെസ്റ്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പരീക്ഷ. തെറ്റുത്തരങ്ങള്‍ക്ക് നാലില്‍ ഒന്ന് നെഗറ്റീവ് മാര്‍ക്കുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.lvdtcareers.net

Thozil