നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ആകെ 418 ഒഴിവുകളാണുള്ളത്; നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 (ആര്‍മി 208, നേവി 42, എയര്‍ഫോഴ്‌സ് 120) ഒഴിവ്, നേവല്‍ അക്കാദമി 48 ഒഴിവ് (10+2 കേഡറ്റ് എന്‍ട്രി സ്‌കീം).
യോഗ്യത
എന്‍.ഡി.എ. ആര്‍മി വിങ്: 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യം.
എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് 10+2 പാറ്റേണില്‍ 12ാം ക്ലാസ് പാസ്/തത്തുല്യം.
അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവര്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്ന കാലയളവിനുള്ളില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം. നല്ല ശാരീരികമാനസിക ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍.
പ്രായം
2001 ജൂലായ് 2നും 2004 ജൂലായ് 1നും ഇടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്മാര്‍.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. 2020 ഏപ്രില്‍ 19നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
ആര്മി, എയര് ഫോഴ്‌സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്ക്കുണ്ടായിരിക്കേണ്ട ഉയരം, തൂക്കം എന്നിവ വ്യക്തമാക്കുന്ന പട്ടിക, പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്കും ഇതേ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍, ജെ.സി.ഒ./എന്‍.സി.ഒ./ഒ.ആര്‍. എന്നിവരുടെ ആണ്‍മക്കള്‍ എന്നിവര്‍ക്ക് ഫീസില്ല. www.upsconline.nic.in-ലൂടെ ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് I സമര്‍പ്പിച്ചാല്‍ ഫീസ് അടയ്ക്കാനുള്ള പേ ഇന്‍ സ്ലിപ് ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ (പേ ഇന്‍ സ്ലിപ് ഡൗണ്‌ലോഡ് ചെയ്‌തെടുത്ത് അടുത്ത പ്രവൃത്തിദിവസം) വേണം ഫീസടയ്ക്കാന്‍. എസ്.ബി.ഐ. നെറ്റ്ബാങ്കിങ് സൗകര്യമുപയോഗിച്ചോ വിസ/മാസ്റ്റര്‍ കാര്‍ഡ്/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ഫീസടയ്ക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജനുവരി 27 ആണ്.
അപേക്ഷിക്കേണ്ട വിധം
www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‌ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് ഘട്ടമുണ്ട്. പ്രാഥമിക വിവരങ്ങള്‍ സമര്‍പ്പിച്ച് പാര്‍ട്ട് I പൂര്‍ത്തിയാക്കാം. തുടര്‍ന്ന് ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ നിര്‍ദേശാനുസൃതം ഫീസ് അടച്ചശേഷം പാര്‍ട്ട് II പൂരിപ്പിക്കണം. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ (jpeg, 3-40 kb), ഒപ്പ് (jpeg, 1-40 kb) എന്നിവ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. തപാലില്‍ അയയ്‌ക്കേണ്ടതില്ല.
അപേക്ഷാസമര്പ്പണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍ യു.പി.എസ്.സിയുടെ ഫെസിലിറ്റേഷന്‍ കൗണ്ടറുമായി (Ph:011-23385271/011-23381125/011-23098543) ബന്ധപ്പെടുക.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.
Content Highlights: NDA Admission, Naval Academy, 10+2 Cader Entry Scheme apply by January 28, UPSC Notification, NDA Exam Syllabus, NDA Exam Date