ലോകംമാറുകയാണ്; പുതിയ സാങ്കേതികവിദ്യ ഓരോമേഖലയിലും വരുന്നു. ഇതിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറി.ഇപ്പോള്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ നൈപുണി വര്‍ധിപ്പിക്കാനും പഠനത്തിനുശേഷം നൈപുണി നേടാന്‍ താത്പര്യമുള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സും ഐ.സി.ടി. അക്കാദമിയും ചേര്‍ന്നുനടത്തുന്ന മൈക്രോ സ്‌കില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയില്‍ മികച്ചപ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും.

സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്.ഇ.ഒ.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രധാനഭാഗമാണ് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ലിങ്ക്ഡിന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിങ് പഠിക്കാം. സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ (എസ്.ഇ.ഒ.) ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോഴ്‌സിന്റെ ഭാഗമാണ്. ബിരുദക്കാര്‍ക്കും ഫലംകാത്തിരിക്കുന്നവര്‍ക്കും രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ജാവാ പ്രോഗ്രാമിങ്

എന്‍ജിനിയറിങ്, സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതി ഫലംകാത്തിരിക്കുന്നവര്‍ക്കും രണ്ടാംവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്‌സെല്‍ ആന്‍ഡ് ടാബ്ലോ

എക്‌സല്‍, ടാബ്ലോ ഉപയോഗിച്ച് വിവരങ്ങളെ വിശകലനംചെയ്യാനും അവതരിപ്പിക്കാനും പഠിക്കാം. ബിരുദക്കാര്‍ക്കും ഫലംകാത്തിരിക്കുന്നവര്‍ക്കും രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഒരുമാസത്തെ കോഴ്‌സ്

ഒരുമാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ മൊത്തം 60 മണിക്കൂര്‍. സെല്‍ഫ് ലേണിങ്ങിനുപറമേ, ഓരോമേഖലയിലെ വിദഗ്ധരുടെ ലൈവ് സെഷനുമുണ്ട്. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. മൂന്നുകോഴ്‌സുകള്‍ക്കും ജി.എസ്.ടി. കൂടാതെ 6000 രൂപയാണ് ഫീസ്.

പഠനം ലിങ്ക്ഡ്ഇന്‍ വഴിയും

കോഴ്‌സ് കാലയളവില്‍ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താം. ഇതിലൂടെ 16,000- ത്തോളം തൊഴില്‍സാധ്യതയേറിയ കോഴ്‌സുകള്‍ പഠിക്കാനും നൈപുണി വര്‍ധിപ്പിക്കാനും സാധിക്കും.

അപേക്ഷ

www.ictkerala.org വഴി ഡിസംബര്‍ ഏഴുവരെ രജിസ്റ്റര്‍ചെയ്യാം. പ്രവേശനപരീക്ഷ 11-ന് നടക്കും. വിവരങ്ങള്‍ക്ക്: 8078102119, 7594051437, നോര്‍ക്ക റൂട്ട് ടോള്‍ഫ്രീ- 1800 425 3939

Content Highlights: micro skill courses which help to grab a job