കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച്ചിൽ (എസ്.എ.എം.ഇ.ഇ.ആർ-സമീർ) സയന്റിസ്റ്റ് ബി,സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. രണ്ട് തസ്തികകളിലുമായി ആകെ 30 ഒഴിവാണുള്ളത്.
യോഗ്യത: സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്സ് എൻജിനീയറിങ്ങിൽ ബാച്ചിലർ/മാസ്റ്റർ ബിരുദവും നാലുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
സയന്റിസ്റ്റ് -സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്സ് എൻജിനീയറിങ്ങിൽ മാസ്റ്റർ/ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി: 35-40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.)
ശമ്പളം: സയന്റിസ്റ്റ് സി- 67700-208700, സയന്റിസ്റ്റ് ബി- 56100-177500
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് രീതിയിലൂള്ള എഴുത്ത് പരീക്ഷയ്‍ക്ക് മൂന്നു മണിക്കൂറാകും ദൈർഘ്യം. ഗേറ്റ് സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയാകും പരീക്ഷാ കേന്ദ്രങ്ങൾ.
എഴുത്തു പരീക്ഷയിൽ ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് 50 ശതമാനം മാർക്കോ ഒ.ബി.സി വിഭാഗത്തിൽ നിന്ന് 40 ശതമാനം മാർക്കോ എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽ നിന്ന് 30 ശതമാനം മാർക്കോ കരസ്ഥമാക്കുന്നവരെ അഭിമുഖത്തിനായി പരിഗണിക്കും.
അക്കാദമിക തലത്തിൽ ലഭിച്ച മാർക്ക്, എഴുത്ത് പരീക്ഷയിൽ ലഭിച്ച മാർക്ക്, അഭിമുഖത്തിലെ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.
https://recruitment.sameer.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
Content Highlights: Job notification under IT ministry. Apply till April 30.