പ്രായോഗിക പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് ഗവേഷണ അധിഷ്ഠിതമായ രചന നടത്തി, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ഉള്ളടക്ക രചനാനൈപുണികള്‍ എന്നിവയിലെ അറിവ് മെച്ചപ്പെടുത്താന്‍ ബിരുദാനന്തര ബിരുദധാരികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അവസരമൊരുക്കുന്നു. സെബിയുടെ മുംബൈയിലെ കേന്ദ്ര ഓഫീസിലാണ് ഫിനാന്‍ഷ്യല്‍ കണ്ടന്റ് റൈറ്റിങ്ങില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുള്ളത്.

2021 മാര്‍ച്ച് 31ന് 30 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്ക്/തത്തുല്യ സി.ജി.പി.എ. നേടിയുള്ള ഇക്കണോമിക്‌സ്/ബിസിനസ് /ഫൈനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/തത്തുല്യയോഗ്യത വേണം. സെക്യൂരിരിറ്റീസ് മാര്‍ക്കറ്റുകള്‍, ഇക്കണോമിക്‌സ്, ബിസിനസ്, ഫൈനാന്‍സ് തുടങ്ങിയ മേഖലകളിലെ വിഷയങ്ങളിലെ കണ്ടന്റ് റൈറ്റിങ്, എഡിറ്റിങ് സ്‌കില്‍സ്, ഈ മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലെ പബ്ലിക്കേഷനുകള്‍, പ്രൂഫ് റീഡിങ് പരിചയം തുടങ്ങിയവ അഭികാമ്യമാണ്. പ്രവൃത്തിപരിചയം ആവശ്യമില്ല.

നിയമനതീയതിമുതല്‍ 12 മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 35,000 രൂപ മുതല്‍ 45,000 രൂപവരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷാമാതൃക www.sebi.gov.in (കരിയേഴ്‌സ് > ഇന്റണ്‍ഷിപ്പ്)ല്‍ ലഭിക്കും. പൂര്‍ത്തിയാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 30നകം സെബിയില്‍ ലഭിച്ചിരിക്കണം.

Content Highlights: Internship Securities and Exchange board of india SEBI