കാര്‍ഷികമേഖലയില്‍ മുന്നില്‍നില്‍ക്കുന്ന വിദേശ സര്‍വകലാശാലകളില്‍ പരിശീലനം നേടുക, ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക, വിദേശീയരെ രാജ്യത്തെ മികച്ച കാര്‍ഷിക സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) ഏര്‍പ്പെടുത്തിയിട്ടുള്ള നേതാജി സുഭാഷ്- ഐ.സി.എ.ആര്‍. ഇന്റര്‍നാഷണല്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.

ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത വിദേശസ്ഥാപനങ്ങളിലും വിദേശവിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുത്ത കാര്‍ഷികസര്‍വകലാശാലകളിലും മൂന്നുവര്‍ഷംവരെ പ്രവര്‍ത്തിക്കാനും പിഎച്ച്. ഡി. ബിരുദം നേടാനും അവസരം ലഭിക്കും. ഇരുവിഭാഗങ്ങളിലെയും സ്ഥാപനങ്ങളുടെ വിവരങ്ങളും മുന്‍ഗണനാപഠനമേഖലകളും education.icar.gov.in ല്‍ ഫെലോഷിപ്പ് ലിങ്കില്‍ ലഭിക്കും.

•യോഗ്യത

അപേക്ഷകര്‍ക്ക് 65 ശതമാനം മാര്‍ക്ക്/ഒ.ജി.പി.എ. 6.60 നേടിയുള്ള അഗ്രിക്കള്‍ച്ചര്‍/അനുബന്ധ മേഖലയിലെ മാസ്റ്റേഴ്‌സ് ബിരുദം വേണം. ഫ്രഷ്/ഇന്‍- സര്‍വീസ് അപേക്ഷകരെ പരിഗണിക്കും.

ഫ്രഷ് അപേക്ഷകരുടെ പ്രായം 35 വയസ്സ് കവിയരുത്. അവര്‍ രണ്ടുവര്‍ഷത്തിനകമായിരിക്കണം യോഗ്യത നേടിയത്. ഐ.സി.എ.ആര്‍. അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലാസംവിധാനത്തില്‍ ജോലിചെയ്യുന്ന ഇന്‍-സര്‍വീസ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 40 വയസ്സായിരിക്കും.

•ഫെലോഷിപ്പ്

പ്രതിമാസ ഫെലോഷിപ്പ് 2000 യു.എസ്. ഡോളര്‍ (ഏകദേശം ഒന്നരലക്ഷം രൂപ). കണ്ടിജന്‍സിയായി വര്‍ഷം 1000 യു. എസ്. ഡോളര്‍ (75,000 രൂപ). ഇക്കോണമി ക്ലാസ് വിമാനയാത്രാച്ചെലവും ലഭിക്കും.

•അപേക്ഷ

അപേക്ഷയുടെ മാതൃക education.icar.gov.in-ല്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷ nsicarif@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കും അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അനുബന്ധരേഖകളും തപാല്‍ വഴി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്കും അയക്കണം. അവസാന തീയതി: ഒക്ടോബര്‍ 31.

Content Highlights: International Fellowship for Agriculture Research