സെയിലര്‍ തസ്തികയില്‍ മെഗാ റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് നാവികസേന. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തിയിലെ 2500 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കും മെട്രിക് റിക്രൂട്ട് തസ്തികയിലെ 400 ഒഴിവുകളുലേക്കുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

2500 സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്

ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ഓഗസ്റ്റില്‍ തുടങ്ങും.

യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.

പ്രായം: 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.

ശമ്പളം: പരിശീലനകാലത്ത് 14600 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനത്തിനുശേഷം 21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിവരെ ഉയരാവുന്ന തസ്തികയാണിത്. 

ശാരീരിക യോഗ്യത: ഉയരം 157 സെ.മീ., തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികം. നെഞ്ചിന് അഞ്ച് സെ.മീ. വികാസം വേണം. കാഴ്ച: 6/9, 6/12. ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം എന്നിവയില്‍ നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ. കായികക്ഷമതാപരിശോധനയില്‍ ഏഴു മിനിറ്റില്‍1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട്ട് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാനാവില്ല. 

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in  എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയശേഷം ഇതേ വെബ്സൈറ്റ് വഴി ഡിസംബര്‍ 14 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസായി 205 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.  ഉദ്യോഗാര്‍ഥിയുടെ നീല പശ്ചാത്തലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ അപേക്ഷയില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. 2019 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക. എഴുത്തുപരീക്ഷയ്ക്കുള്ള കോള്‍ലെറ്റര്‍ ജനുവരി അവസാനവാരംതൊട്ട് നാവികസേനാ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ജൂണ്‍ 20ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

അപേക്ഷിക്കാനുള്ള അവസാനതിയതി: ഡിസംബര്‍ 30. 

500 ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്   

ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. നാവികസേനയുടെ മുങ്ങിക്കപ്പലുകളിലേക്ക് ജോലിചെയ്യാന്‍ താത്പര്യമുള്ളവരെ ഈ വിഭാഗത്തില്‍നിന്നാണ് തിരഞ്ഞെടുക്കുക. മുങ്ങിക്കപ്പലുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ അക്കാര്യം ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത് വ്യക്തമാക്കണം. 

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം.

പ്രായം: 1999 ഓഗസ്റ്റ് 1-നും 2002 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
ശമ്പളം: 21,700-69,100 രൂപ.

ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ. ഉയരത്തിന് ആനുപാതികമായ നെഞ്ചളവും തൂക്കവും. നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. അപേക്ഷകര്‍ക്ക് മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. ഏഴുമിനിറ്റില്‍ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട് അപ്പ്, 20 പുഷ് അപ് എന്നിവയാണ് ശാരീരികക്ഷമതാപരിശോധനയില്‍ ഉണ്ടാവുക. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, ജനറല്‍ നോളേജ് എന്നീ നാലുഭാഗങ്ങളില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഈ നാലുഭാഗങ്ങളിലും മിനിമം യോഗ്യത നേടിയിരിക്കണം. പരീക്ഷയുടെ വിശദമായ സിലബസിന്  www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് കാണുക. 

2019 ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷ നടക്കുക. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ജനുവരി അവസാനം വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്യാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ ഫലം പരീക്ഷയെഴുതി 30 ദിവസങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായി ശാരീരികക്ഷമതാപരിശോധനയും വൈദ്യപരിശോധനയും നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക 2019 ജൂണ്‍ 20-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 
അപേക്ഷാഫീസ്: 205 രൂപ. നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായിവേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. 

അപേക്ഷ: www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമായി വായിച്ചുമനസ്സിലാക്കിയശേഷംവേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ നീല പശ്ചാത്തലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ്‌ചെയ്യണം.  അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 30.

400 മെട്രിക് റിക്രൂട്ട്

ഷെഫ്, സ്റ്റ്യുവാഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് ഇതുവഴി നിയമനം ലഭിക്കും. അപേക്ഷ ക്ഷണിച്ചു. എം.ആര്‍. ഒക്ടോബര്‍ 2019 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍മതി. 

പ്രായം: 17-21 വയസ്സ്. 1998 ഒക്ടോബര്‍ 1-നും 2002 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 
യോഗ്യത :  1. ഷെഫ്: പത്താക്ലാസ്. ആഹാരം പാചകംചെയ്യലായിരിക്കും ജോലി. 

2. സ്റ്റ്യുവാഡ്: പത്താംക്ലാസ്. ഓഫീസേഴ്സ് മെസില്‍ ഭക്ഷണവിതരണം, ഹൗസ്‌കീപ്പിങ് എന്നിവയായിരിക്കും ജോലി. 
3. ഹൈജീനിസ്റ്റ്: പത്താംക്ലാസ്. ശുചിമുറിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കലായിരിക്കും ജോലി. 

ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറുന്നവര്‍ക്ക് 21,700-69,100 രൂപ നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍വരെ ഉയരാവുന്ന തസ്തികയാണിത്. 

എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെ ഫലം മുപ്പതുദിവസത്തിനുള്ളില്‍ അറിയാനാകും. തുടര്‍ന്ന് നടക്കുന്ന കായികക്ഷമതാപരീക്ഷയ്ക്കും വൈദ്യപരിശോധനയ്ക്കുമായി രണ്ടുദിവസം വേണ്ടിവരും. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ്, ജനറല്‍ നോളജ് എന്നിവയായിരിക്കും അരമണിക്കൂര്‍ നേരത്തെ എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. 2019 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജനുവരി അവസാനം നേവി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയയ്ക്കുന്നതല്ല. 

എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം മാര്‍ക്ക് ഷീറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവയും കൊണ്ടുവരണം. 

കായികക്ഷമതാ പരീക്ഷ: 7 മിനിറ്റില്‍ 1.6 കി. മീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കണം. 20 സ്‌ക്വാട് അപ്പ്, 10 പുഷ് അപ് എന്നിവയുമുണ്ടാകും. 
ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം 157 സെ.മീ., ഉയരത്തിന് ആനുപാതികമായ തൂക്കം. നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം. മുട്ടുതട്ട്, പരന്ന കാല്‍പ്പാദം, വെരിക്കോസ് വെയിന്‍, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ അണുബാധ, വര്‍ണാന്ധത എന്നിവ പാടില്ല.  കാഴ്ച: ഷെഫ്/ സ്റ്റ്യുവാഡ്- 6/36, 6/36 (കണ്ണട ധരിച്ച് 6/9, 6/12).  ഹൈജീനിസ്റ്റ്- 6/60, 6/60 (കണ്ണട ധരിച്ച് 6/9, 6/24).

അപേക്ഷാഫീസ്: 205 രൂപ. നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായിവേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: ഡിസംബര്‍ 14 മുതല്‍ www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ്‌ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ഒക്ടോബറില്‍ ആരംഭിക്കും.  ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30.

THOZHIL LOGO

Content Highlights: Indian Navy, Sailor, Apprentice, Indian Navy Recruitment 2018, career, Job