മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് സെയിലര്‍മാരാകാന്‍ നാവികസേന അപേക്ഷ ക്ഷണിച്ചു. ഷെഫ്, സ്റ്റ്യുവാര്‍ഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് ഇതുവഴി നിയമനം ലഭിക്കും. 400 ഒഴിവുകളുണ്ട്. എം.ആര്‍.-ഒക്ടോബര്‍ 2020 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍മതി. 

പ്രായം: 2000 ഒക്ടോബര്‍ 1-നും 2003 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 

യോഗ്യത:  
1. ഷെഫ്: പത്താക്ലാസ്. ആഹാരംപാചകം ചെയ്യലായിരിക്കും ജോലി. 
2. സ്റ്റ്യുവാഡ്: പത്താംക്ലാസ്. ഓഫീസേഴ്സ് മെസില്‍ ഭക്ഷണവിതരണം, ഹൗസ്‌കീപ്പിങ് എന്നിവയായിരിക്കും ജോലി. 
3. ഹൈജീനിസ്റ്റ്: പത്താംക്ലാസ്. ശുചിമുറിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കലായിരിക്കും ജോലി. 

ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറുന്നവര്‍ക്ക് 21,700- 69,100 രൂപ നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍വരെ ഉയരാവുന്ന തസ്തികയാണിത്. 

കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെ ഫലം മുപ്പതുദിവസത്തിനുള്ളില്‍ അറിയാനാകും. തുടര്‍ന്ന് നടക്കുന്ന കായികക്ഷമതാപരീക്ഷയ്ക്കും വൈദ്യപരിശോധനയ്ക്കുമായി രണ്ടുദിവസം വേണ്ടിവരും. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ്, ജനറല്‍ നോളജ് എന്നിവയായിരിക്കും അരമണിക്കൂര്‍ നേരത്തെ എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് നേവി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയയ്ക്കില്ല. 

എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം മാര്‍ക്ക് ഷീറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവയും കൊണ്ടുവരണം. 

കായികക്ഷമതാപരീക്ഷ: 7 മിനിറ്റില്‍ 1.6 കി.മീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കണം. 20 സ്‌ക്വാട് അപ്, 10 പുഷ് അപ് എന്നിവയുമുണ്ടാകും. 

ശാരീരികയോഗ്യത: കുറഞ്ഞ ഉയരം 157 സെ.മീ., ഉയരത്തിന് ആനുപാതികമായ തൂക്കം. നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം. മുട്ടുതട്ട്, പരന്ന കാല്‍പ്പാദം, വെരിക്കോസ് വെയിന്‍, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ അണുബാധ, വര്‍ണാന്ധത എന്നിവ പാടില്ല. 

കാഴ്ച: ഷെഫ്/സ്റ്റ്യുവാഡ്- 6/36, 6/36 (കണ്ണട ധരിച്ച് 6/9, 6/12)
ഹൈജീനിസ്റ്റ്-6/60, 6/60 (കണ്ണട ധരിച്ച് 6/9, 6/24).

അപേക്ഷാഫീസ്: 215 രൂപ. നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2020 ഒക്ടോബറില്‍ ആരംഭിക്കും. 
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28.

thozhil

Content Highlights: Indian Navy Metric Recruit; Apply Now for 400 Vacancies