രസേനയിൽ മതാധ്യാപകരാകാൻ അവസരം. ആകെ 194 ഒഴിവുകളാണുള്ളത്. ജൂനിയർ കമ്മിഷൻഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ് എന്നീ മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്. റജിമെന്റുകളിലെയും യൂണിറ്റുകളിലെയും വിവിധ മതചടങ്ങുകൾ നടത്തുന്നതിനുവേണ്ടിയാണ് നിയമനം.

ഒഴിവുകൾ: പണ്ഡിറ്റ് - 171, പണ്ഡിറ്റ് (ഗൂർഖ) - 9, ഗ്രന്ഥി - 5, പാതിരി - 2, മൗലവി (സുന്നി) - 5, പാതിരി (ഷിയ) - 1, ബുദ്ധസന്ന്യാസി (മഹായാന) - 1. ഇതിൽ പണ്ഡിറ്റ് (ഗൂർഖ) ഗൂർഖ റജിമെന്റിനുവേണ്ടിയാണ്. ഹിന്ദു ഗൂർഖകൾക്കുമാത്രം അപേക്ഷിക്കാം. മൗലവി (ഷിയ), ബുദ്ധസന്ന്യാസി എന്നിവർ ലഡാക്ക് സ്കൗട്ട്സ് റജിമെന്റിനുവേണ്ടിയുള്ളതാണ്. മൗലവി (ഷിയ) ഒഴിവിലേക്ക് ലഡാക്കി മുസ്ലിം ഷിയാ വിഭാഗക്കാർക്കു മാത്രമേ അപേക്ഷിക്കാനാകൂ.

യോഗ്യത: എല്ലാ വിഭാഗത്തിലും ബിരുദമാണ് അടിസ്ഥാനയോഗ്യത. അതതു മതത്തിൽപ്പെട്ടവരായിരിക്കണം. ഇതുകൂടാതെ പണ്ഡിറ്റിന്റെ ഒഴിവിലേക്കപേക്ഷിക്കുന്നവർക്ക് സംസ്കൃതത്തിൽ ആചാര്യ അല്ലെങ്കിൽ സംസ്കൃതത്തിൽ ശാസ്ത്രിയും കർമകാണ്ഡത്തിൽ ഒരുവർഷത്തെ ഡിപ്ലോമയും വേണം. മൗലവിയുടെ ഒഴിവിലേക്കപേക്ഷിക്കുന്നവർ അറബിയിൽ മൗലവി ആലിമോ ഉറുദുവിൽ ആദിബ് ആലിമോ നേടിയവരായിരിക്കണം. അംഗീകൃതസർവകലാശാലകളോ സ്ഥാപനങ്ങളോ നൽകിയ യോഗ്യതകളേ പരിഗണിക്കൂ. പാതിരിയാകുന്നവർ ബന്ധപ്പെട്ട അധികാരികളിൽനിന്ന് അച്ചൻപട്ടം നേടിയവരും പ്രാദേശികബിഷപ്പിന്റെ അംഗീകാരപ്പട്ടികയിലുള്ളവരുമായിരിക്കണം.

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. ഉയരം 160 സെന്റിമീറ്റർ വേണം. ലക്ഷദ്വീപുകാർക്ക് 155 സെന്റിമീറ്റർ മതി. നെഞ്ചളവ് 77 സെന്റിമീറ്റർ. കുറഞ്ഞ നെഞ്ചളവ് വികാസം: അഞ്ചു സെന്റിമീറ്റർ. ഭാരം: 50 കിലോഗ്രാം.
പ്രായം: 1987 ഒക്ടോബർ ഒന്നിനും 1996 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

പരീക്ഷ: അപേക്ഷകൾ പരിശോധിച്ചതിനുശേഷം നിശ്ചിതയോഗ്യതയുള്ള അപേക്ഷകരെ തിരഞ്ഞെടുക്കും. അതിനുശേഷം ആദ്യഘട്ടത്തിൽ ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാപരീക്ഷ, ആരോഗ്യപരിശോധന എന്നിവയുണ്ടാകും. കായികക്ഷമതാപരീക്ഷയിൽ എട്ടുമിനിറ്റിൽ 1600 മീറ്റർ ഓടണം. മലമ്പ്രദേശങ്ങളിൽ ഇതിന് വ്യത്യാസമുണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. ജൂൺ 27-നാണ് എഴുത്തുപരീക്ഷ. ജനറൽ അവയർനസ്, മതപരിജ്ഞാനം എന്നിങ്ങനെ രണ്ടു പേപ്പറുകളാണുണ്ടാകുക. ഓരോന്നിലും 50 ചോദ്യങ്ങൾ വീതമാണുണ്ടാകുക. ഓരോ ശരിയായ ചോദ്യത്തിനും രണ്ടു മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരത്തിന് 0.5 മാർക്ക് നഷ്ടപ്പെടും. ആകെ മാർക്ക് 100. പരീക്ഷയിൽ വിജയിക്കാൻ ഓരോ പേപ്പറിനും കുറഞ്ഞത് 40 മാർക്ക് വീതം വേണം. പേപ്പർ ഒന്നിൽ വിജയിച്ചാൽ മാത്രമേ പേപ്പർ രണ്ട് പരിഗണിക്കുകയുള്ളൂ.

അപേക്ഷ: വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. അവസാനതീയതി: ഫെബ്രുവരി 9.

Content Highlights: Indian Army Junior Commissioned Officer vacancy, 194 JCO vacancy