ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET), അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് (ARS), സീനിയര്‍ ടെക്നിക്കല്‍സ് ഓഫീസര്‍ (STO) എന്നീ പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. asrb.org.in എന്ന വെബ്സൈറ്റില്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍ 1(2)/2020-Exam.II. മൂന്ന് വിഭാഗത്തിലേക്കുമായി സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ 27 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ 32 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ARS മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 19-ന് നടക്കും. 

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET)

സംസ്ഥാന കാര്‍ഷികസര്‍വകലാശാലകളിലേക്കും മറ്റ് കാര്‍ഷികസര്‍വകലാശാലകളിലേക്കും ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള യോഗ്യതാപരീക്ഷയാണിത്. നെറ്റ് പരീക്ഷ പാസാകുന്നവര്‍ക്ക് ഡിജി ലോക്കര്‍ ആപ്ലിക്കേഷനിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ 2021 സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. 21 വയസ്സാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട  കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായപരിധി ഇല്ല. 

പരീക്ഷ: ഓരോ മാര്‍ക്ക് വീതമുള്ള 150 ചോദ്യങ്ങളടങ്ങുന്നതാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാര്‍ക്ക് കുറയ്ക്കും. രണ്ടുമണിക്കൂറാണ് പരീക്ഷാദൈര്‍ഘ്യം. ജനറല്‍ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി. വിഭാഗത്തിന് 45 ശതമാനവും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗത്തിന് 40 ശതമാനം മാര്‍ക്കും നേടിയാല്‍ പരീക്ഷയില്‍ വിജയിക്കാം. 

അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് (ARS)

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റായി നിയമനം ലഭിക്കുന്നതിനാണ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് പരീക്ഷ നടത്തുന്നത്. ഇതിന് പ്രാഥമികപരീക്ഷയും മെയിന്‍ പരീക്ഷയും അതിനുശേഷം വൈവാ പരീക്ഷയുമുണ്ടായിരിക്കും. പ്രാഥമികപരീക്ഷയിലെ മാര്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതിന് ഘടകമായിരിക്കില്ല. ബന്ധപ്പെട്ട വിഷയത്തില്‍ 2021 സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്ദരബിരുദമാണ് യോഗ്യത. 

പ്രായപരിധി: 32 വയസ്സ്. 

ഒഴിവുകള്‍: 222 ഒഴിവുകളാണ് റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. പഠനവിഭാഗങ്ങള്‍ തിരിച്ച് ഒഴിവുകളറിയാന്‍ പട്ടിക 2 കാണുക. 57,700- 1,82,400 രൂപ ശമ്പള സ്‌കെയിലിലായിരിക്കും നിയമനം.

പരീക്ഷ: പ്രാഥമികപരീക്ഷ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്‌ജെക്ടീവ് മാതൃകയിലായിരിക്കും നടത്തുക. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാര്‍ക്ക് കുറയ്ക്കും. ഇതില്‍ വിജയിക്കുന്നവരെയായിരിക്കും മെയിന്‍ പരീക്ഷയ്ക്ക് ക്ഷണിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യവും പരമാവധി 240 മാര്‍ക്കുമുള്ള വിവരണാത്മകപരീക്ഷയായിരിക്കുമിത്. വൈവാ പരീക്ഷയ്ക്ക് പരമാവധി 60 മാര്‍ക്കാണുള്ളത്. 

സീനിയര്‍ ടെക്നിക്കല്‍സ് ഓഫീസര്‍ (STO) 

ICAR ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കും മറ്റ് ഗവേഷണസ്ഥാപനങ്ങളിലേക്കും സീനിയര്‍ ടെക്നിക്കല്‍സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള പരീക്ഷയാണിത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഇന്ത്യയിലുടനീളം 65 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ ഒരൊഴിവ് കേരളത്തിലാണ്. കോഴിക്കോട് IISRലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ 2021 സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഏപ്രില്‍ 24 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 

പരീക്ഷ: 150 ചോദ്യങ്ങളടങ്ങുന്നതാണ് പരീക്ഷ. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്‌ജെക്ടീവ് പരീക്ഷയായിരിക്കും. ഇത് പാസാകുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. പരമാവധി 60 മാര്‍ക്കാണ് അഭിമുഖത്തിന് ലഭിക്കുക. ജനറല്‍ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി. വിഭാഗത്തിന് 45 ശതമാനവും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗത്തിന് 40 ശതമാനം മാര്‍ക്കും നേടിയാല്‍ പരീക്ഷയില്‍ വിജയിക്കാം. 

അപേക്ഷ: www.asrb.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം ചേര്‍ക്കണം. കൂടാതെ ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്ത് അപ്ലോഡ്‌ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25.

thozhil

Content Highlights: ICAR invites application for ARS, STO, NET exams, 287 vacancies