എം.ബി.ബി.എസ്. പഠനം സായുധസേനാ മെഡിക്കല്‍ കോളേജില്‍. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകാരമുള്ള സര്‍വീസ് ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ കമ്മിഷന്‍ഡ് റാങ്കോടെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ ഡോക്ടര്‍ നിയമനം. രാജ്യസേവനത്തിനുള്ള അവസരമാണ് പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് (എ.എഫ്.എം.സി.) ഒരുക്കുന്നത്.

നേതൃപാടവം, മികച്ച ആശയവിനിമയശേഷി, ശാരീരികക്ഷമത എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതീക്ഷിക്കുന്നു.

145 സീറ്റില്‍ 30 സീറ്റ് പെണ്‍കുട്ടികള്‍ക്കായും 10 സീറ്റ് വ്യവസ്ഥകള്‍ക്കു വിധേയമായി പട്ടികവിഭാഗക്കാര്‍ക്കുമാണ്. പ്രവേശനം തേടുന്നവര്‍ അവിവാഹിതരായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യതാ വ്യവസ്ഥകള്‍ തുടങ്ങിയവ www.afmc.nic.inലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. 2020ലെ പ്രവേശന നിര്‍ദേശങ്ങള്‍പ്രകാരം ഭാരതീയര്‍ക്ക് ട്യൂഷന്‍ഫീസ് ഇല്ല.

പ്രവേശനം

പ്രവേശനത്തിന് മൂന്നുഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിച്ച് യോഗ്യത നേടണം. രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) യുടെ www.mcc.nic.in വഴി ഓപ്ഷന്‍ നല്‍കണം.

ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എ.എഫ്.എം.സി. നടത്തുന്ന തിരഞ്ഞെടുപ്പുപ്രക്രിയയില്‍ പങ്കെടുക്കുന്നതാണ് മൂന്നാംഘട്ടം.

കട്ട്ഓഫ് മാര്‍ക്ക്

എം.സി.സി. സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്നവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, എ.എഫ്.എം.സി.ക്ക് കൈമാറും. ഈ പട്ടികയില്‍ നിന്നും ഏതാണ്ട് 1600 പേരെ (1150 ആണ്‍കുട്ടികള്‍, 450 പെണ്‍കുട്ടികള്‍) ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.

മുന്‍വര്‍ഷങ്ങളിലെ കട്ട് ഓഫ് മാര്‍ക്ക് 2020: ആണ്‍കുട്ടികള്‍618, പെണ്‍കുട്ടികള്‍637; 2019596, 610; 2018551, 551.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്‌ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmc.nic.in, www.afmcdg1d.gov.inല്‍ പ്രസിദ്ധീകരിക്കും.

സ്‌ക്രീനിങ് ടെസ്റ്റ്

പുണെ എ.എഫ്.എം.സി.യില്‍ സ്‌ക്രീനിങ് ടെസ്റ്റ്. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹന്‍ഷന്‍, ലോജിക് ആന്‍ഡ് റീസണിങ് (ടി.ഒ.ഇ.എല്‍.ആര്‍.), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇന്റര്‍വ്യൂ എന്നിവയടങ്ങുന്നതാണ് സ്‌ക്രീനിങ് ടെസ്റ്റ്. റാങ്കിങ് രീതി ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. പി.എ.ടി. യോഗ്യതാപരീക്ഷ മാത്രമാണ്. അതിന്റെ മാര്‍ക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമതിരഞ്ഞെടുപ്പ് മെഡിക്കല്‍ പരിശോധനയ്ക്കുശേഷം.

കമ്മിഷന്‍ഡ് റാങ്ക്

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ (കര, നാവിക, വ്യോമ സേനകള്‍) കമ്മിഷന്‍ഡ് റാങ്കോടെ ഡോക്ടറായി സേവനം അനുഷ്ഠിക്കണം. മെരിറ്റ്, ചോയ്‌സ് പരിഗണിച്ച് 50 ശതമാനംപേര്‍ക്ക് പെര്‍മനന്റ്് കമ്മിഷനും ബാക്കിപേര്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും അനുവദിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കുന്നവര്‍ കുറഞ്ഞത് ഏഴുവര്‍ഷം സേവനം അനുഷ്ഠിക്കണം.

ഉന്നതപഠനത്തിന് അവസരം

തുടക്കനിയമനം ലഫ്റ്റനന്റ് റാങ്കില്‍. അടിസ്ഥാന മാസശമ്പളം 57,800 രൂപ. പുറമേ മിലിട്ടറി സര്‍വീസ് പേ, നോണ്‍ പ്രാക്ടീസിങ് അലവന്‍സ്, ഡിയര്‍നസ് അലവന്‍സ്, സബ്‌സിഡൈസ്ഡ് അക്കമഡേഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും. നാലുവര്‍ഷം ക്യാപ്റ്റന്‍ റാങ്കിലെ സേവനം കഴിഞ്ഞാല്‍ നീറ്റ് പി.ജി./ഡി.എന്‍.ബി. സി.ഇ. ടി. വഴി മെഡിക്കല്‍ പി.ജി./സി. എന്‍.ബി. പഠനത്തിന് അവസരം. നിര്‍ബന്ധിത സേവനകാലയളവ് കഴിഞ്ഞാല്‍ 2/3 വര്‍ഷത്തെ പഠന അവധിക്കും അവസരമുണ്ട്.

ബോണ്ട് നല്‍കണം

പ്രവേശനംനേടി ഏഴുദിവസം കഴിഞ്ഞ് കോഴ്‌സ് ഉപേക്ഷിച്ചാല്‍ നഷ്ടപരിഹാരമായി 61 ലക്ഷംരൂപ നല്‍കണം. ഇതിലേക്ക്, രക്ഷകര്‍ത്താവ് ബോണ്ട് നല്‍കണം.

Content Highlights: Armed Forces Medical Services