സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി എക്സാമിനേഷൻ 2020-ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിയമനംലഭിക്കുന്ന പരീക്ഷയാണിത്. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും.
യോഗ്യത
പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി-യിൽ 18-30 വയസ്സ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി-യിൽ 18-27 വയസ്സ്. 01.08.2020 വെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും ഭിന്നശേഷി ജനറൽ വിഭാഗത്തിന് 10 വർഷവും ഭിന്നശേഷി ഒ.ബി.സി. വിഭാഗത്തിന് 13 വർഷവും ഭിന്നശേഷി എസ്.സി./എസ്.ടി. വിഭാഗത്തിന് 15 വർഷവും വയസ്സിളവ് ലഭിക്കും.
സിലബസ്
കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയായിരിക്കും. 29.03.2021 മുതൽ 31.03.2021 വരെയായിരിക്കും പരീക്ഷ. മൂന്ന് പാർട്ടിലായിരിക്കും പരീക്ഷ. രണ്ട് മണിക്കൂർ പരീക്ഷയിൽ പാർട്ട് ഒന്നിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്ങിന്റെ 50 ചോദ്യങ്ങളും പാർട്ട് രണ്ടിൽ ജനറൽ അവയർനസിന്റെ 50 ചോദ്യങ്ങളും (50 മാർക്ക്) ഉണ്ടാകും. പാർട്ട് മൂന്നിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷന്റെ 100 മാർക്കിനുള്ള 100 ചോദ്യങ്ങളുണ്ടായിരിക്കും. തെറ്റുത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് ഉണ്ട്. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്. കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
സ്കിൽ ടെസ്റ്റ്
ഇംഗ്ലീഷ്/ഹിന്ദി വിഷയങ്ങളിലാണ് ടെസ്റ്റ്. ഓൺലൈൻ അപേക്ഷാസമർപ്പണ സമയത്ത് ഭാഷ തിരഞ്ഞെടുക്കണം. സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി-യിൽ മിനിറ്റിൽ 80 വാക്ക് വേഗം ഉണ്ടായിരിക്കണം. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി-യിൽ മിനിറ്റിൽ 100 വാക്ക് വേഗം ഉണ്ടായിരിക്കണം. കമ്മിഷന്റെ റീജണൽ ഓഫീസിലോ മറ്റ് സെന്ററിലോ ആയിരിക്കും ടെസ്റ്റ്.
വിശദവിവരങ്ങൾക്ക് ssc.nic.in സന്ദർശിക്കുക. അവസാന തീയതി: നവംബർ 4.
Content Highlights: Apply now for SSC Stenographer Examination