എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷിക്കാം. ഒപ്പം വ്യോമസേനയിലെ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രിക്കും മീറ്റിയറോളജി എന്‍ട്രിക്കും അപേക്ഷിക്കാം. ആകെ 334 ഒഴിവ്. പെര്‍മനന്റ് കമ്മിഷനുള്ള കമ്പൈന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (സി.ഡി.എസ്.ഇ.) ഒഴിവുകളില്‍ പത്തു ശതമാനവും ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുള്ള അഫ്കാറ്റ് ഒഴിവുകളില്‍ പത്തുശതമാനവും എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രിയാണ്. പരിശീലനം 2022 ജൂലായില്‍ ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമിയില്‍ തുടങ്ങും. 25 വയസ്സില്‍ താഴെയുള്ളവര്‍ കോഴ്സ് തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും അവിവാഹിതരായിരിക്കണം. ബ്രാഞ്ച്, യോഗ്യത എന്നിവ ക്രമത്തില്‍.

ഫ്‌ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍): മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയം. കൂടാതെ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. കോഴ്സോ 60 ശതമാനം മാര്‍ക്കോടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഇന്ത്യയുടെയോ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി പരീക്ഷകളോ വിജയിച്ചിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) വിഭാഗത്തില്‍ ബിരുദയോഗ്യത പരിഗണിക്കില്ല.

അക്കൗണ്ട്സ്: പ്ലസ് ടു, 60 ശതമാനം മാര്‍ക്കോടെ കൊമേഴ്സ്/ ബി.ബി.എ./ മാനേജ്മെന്റ് സ്റ്റഡീസ്/ സയന്‍സ് എന്നിവയില്‍ ബിരുദമോ സി.എ./ സി.എം.എ./ സി.എസ്./ സി.എഫ്.എ.യോ. ബിരുദ കോഴ്സിന് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷന്‍ വേണം.

മീറ്റിയറോളജി: ഫിസിക്‌സ്, മാത്സ് എന്നീ വിഷയങ്ങളോടുകൂടിയ ബിരുദ കോഴ്സില്‍ 55 ശതമാനം മാര്‍ക്കോടെ വിജയവും 50 ശതമാനം മാര്‍ക്കോടെ ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും.

പ്രായപരിധി

ഫ്‌ളൈയിങ് ബ്രാഞ്ചിന്റെ പ്രായപരിധി 20-24 വയസ്സാണ്. 1998 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രായപരിധി 20-26 വയസ്സാണ്. അതായത്, 1996 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അവസാനത്തീയതി: ജൂണ്‍ 30.

വിവരങ്ങള്‍ക്ക്: www.afcat.cdac.in

Content Highlights: Airforce Common entrance exam