റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രിൽ ഒമ്പതിനും പത്തിനുമായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അടിസ്ഥാനശമ്പളം: 10940 രൂപ

പ്രായം: 18-25. 1996 ഫെബ്രുവരി രണ്ടിനും 2003 ഫെബ്രുവരി ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്. വിധവകൾ/വിവാഹമോചനം നേടിയവർ തുടങ്ങിയവർക്ക് പത്തു വർഷത്തെയും ഭിന്നശേഷിക്കാർക്ക് സാമുദായികാടിസ്ഥാനത്തിൽ പത്തു മുതൽ 15 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടൻമാർക്ക് അവരുടെ സർവീസ് കാലയളവും അധികമായി മൂന്നുവർഷവും വയസ്സിളവായി ലഭിക്കും (പരമാവധി 50 വയസ്സ് വരെ).

യോഗ്യത: പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്പ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടിയിരിക്കരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പിലുള്ള 120 ചോദ്യങ്ങളാണ് ആകെയുണ്ടാകുക. ഒരു ചോദ്യത്തിന് ഒരു മാർക്ക്. റീസണിങ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനെസ്, ന്യൂമറിക്കൽ എബിലിറ്റി എന്നീ വിഭാഗങ്ങളിൽനിന്ന് 30 വീതം ചോദ്യങ്ങളാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടപ്പെടും.

ഓൺലൈൻ പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഭാഷാപരിജ്ഞാന പരീക്ഷയ്ക്ക് ഇരിക്കേണ്ടത്. അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയിലുള്ള അറിവാണ് ഭാഷാപരിജ്ഞാന പരീക്ഷയിൽ അളക്കുക. അതിനുശേഷം രേഖപരിശോധനയും ആരോഗ്യക്ഷമതാ പരിശോധനയുമുണ്ടാകും.

അപേക്ഷ: വിശദവിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിൽ. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഏതുസംസ്ഥാനത്തെ ഓഫീസിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. അപേക്ഷാഫീസ് 450 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് 50 രൂപ. അവസാന തീയതി: മാർച്ച് 15.

Content Highlights: 841 vacancies in RBI, apply till march 15