കോണ്‍സ്റ്റബിള്‍ (ജി.ഡി.) -സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എന്‍.ഐ.എ., എസ്.എസ്.എഫ്., റൈഫിള്‍മാന്‍ (ജി.ഡി.)  അസം റൈഫിള്‍സ് എക്സാമിനേഷന്‍ 2021-ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം. 

ഒഴിവുകള്‍: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്-7545, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്-1431, സശസ്ത്ര സീമ ബെല്‍-3806, അസം റൈഫിള്‍സ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240. 

യോഗ്യത: അംഗീകൃത ബോര്‍ഡ്/സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളില്‍ യോഗ്യത നേടാത്തവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഉദ്യോഗാര്‍ഥികള്‍ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക് ഷീറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കണം. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഇന്‍സെന്റീവ്/ബോണസ് മാര്‍ക്ക് ലഭിക്കും. എന്‍.സി.സി. ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 5 ശതമാനം മാര്‍ക്കും ആ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 3 ശതമാനം മാര്‍ക്കും അ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 2 ശതമാനം മാര്‍ക്കും ലഭിക്കും.

പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.
 
തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ ബേസ്ഡ് എക്‌സാമിനേഷന്‍, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്/ഫിസിക്കല്‍ സ്റ്റാന്‍ഡേഡ് ടെസ്റ്റ്, ഡിറ്റെയ്ല്‍ഡ് മെഡിക്കല്‍ എക്സാമിനേഷന്‍/റിവ്യൂ മെഡിക്കല്‍ എക്‌സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്. 

പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. 100 മാര്‍ക്കിന് 90 മിനിറ്റായിരിക്കും പരീക്ഷ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവയര്‍നസ്, എലിമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നീ വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ലഭ്യമാണ്. 

പരീക്ഷാകേന്ദ്രം: കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 

ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ടെസ്റ്റ്. ഓട്ടം: പുരുഷന്മാര്‍ക്ക് 24 മിനിറ്റില്‍ 5 കിലോമീറ്റര്‍. സ്ത്രീകള്‍ക്ക് 8 1/2 മിനിറ്റില്‍ 1.6 കിലോമീറ്റര്‍. 

ശാരീരികയോഗ്യത: ഉയരം: പുരുഷന്മാര്‍ക്ക് 170 സെ.മീ. സ്ത്രീകള്‍ക്ക്-157 സെ.മീ. എസ്.ടി. വിഭാഗത്തില്‍ പുരുഷന്മാര്‍ക്ക് 162.5 സെ.മീ. സ്ത്രീകള്‍ക്ക് 150.0 സെ.മീ. നെഞ്ചളവ്: പുരുഷന്മാര്‍ക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. എസ്.ടി. വിഭാഗത്തിന് 76 സെ.മീറ്ററും 5 സെ.മീ. വികാസവും വേണം. സ്ത്രീകള്‍ക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍/എസ്.സി./എസ്.ടി./വിമുക്തഭടന്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഭീം യു.പി.ഐ./നെറ്റ് ബാങ്കിങ്/വിസ, മാസ്റ്റര്‍കാര്‍ഡ്, മാസ്ട്രോ, റുപൈ, ക്രൈഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഫീസടക്കാം. കൂടാതെ എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചിലൂടെയും ഫീസടക്കാന്‍ കഴിയും. ഓണ്‍ലൈന്‍ വഴി 02.09.2021 വരെയും ചെലാനിലൂടെ 07.09.2021 വരെയും ഫീസടക്കാം. ചെലാന്‍ 04.09.2021 മുന്‍പ് ജനറേറ്റ് ചെയ്തിരിക്കണം. 

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

thozhil

Content Highlights: 25271 Constable vacancies in different armed forces