സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പര്‍: CRPD/ CBO/ 202122/19. അഹമ്മദാബാദ്, ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ജയ്പുര്‍ എന്നിവിടങ്ങളിലാണ് അവസരം. ഗുജറാത്തി, കന്നഡ, ഹിന്ദി, തമിഴ് ഭാഷകള്‍ അറിഞ്ഞിരിക്കണം. ബാക്ക്‌ലോഗ് ഒഴിവുകള്‍ ഉള്‍പ്പെടെ 1226 ഒഴിവുണ്ട്. റഗുലര്‍1100, ബാക്ക്‌ലോഗ്126 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരു ഉദ്യോഗാര്‍ഥി ഒരു സംസ്ഥാനത്തിലേക്കേ അപേക്ഷിക്കാവൂ. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

•യോഗ്യത

അംഗീകൃത സര്‍വകലാശാലാബിരുദം/ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യ യോഗ്യത, ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കിലോ റിസര്‍വ് ബാങ്കിന്റെ സെക്കന്‍ഡ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റീജണല്‍ റൂറല്‍ ബാങ്കുകളിലോ ഓഫീസറായി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ സബ്‌സിഡിയറികളില്‍ ജോലിചെയ്യുന്നവര്‍, എസ്.ബി.ഐ.യിലെ ക്ലറിക്കല്‍, സൂപ്പര്‍വൈസറി കേഡറിലുള്ളവര്‍, എസ്.ബി. ഐയിലെ ഓഫീസര്‍ ഗ്രേഡില്‍നിന്ന് രാജിവെച്ചവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

•പ്രായം

21 -30 വയസ്സാണ് പ്രായപരിധി. 02.12.1991ന് ശേഷവും 01.12.2000ന് മുമ്പും ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തേയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഭാഷാപരിജ്ഞാനം

ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിച്ചത് അവിടെയായിരിക്കും നിയമനം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിച്ചത് ആ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയില്‍ (പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ളവ) എഴുതാനും വായിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും അറിഞ്ഞിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷയും ഉണ്ടാവും. എന്നാല്‍ ഈ ഭാഷകള്‍ പഠിച്ചവരാണെന്നത് തെളിയിക്കാന്‍ പത്താംതലം/ പന്ത്രണ്ടാംതലം പരീക്ഷാ സര്‍ട്ടിഫിക്കറ്റ്/ മാര്‍ക്ക് ഷീറ്റ് സമര്‍പ്പിക്കുന്നവര്‍ മേല്‍പ്പറഞ്ഞ പരീക്ഷ എഴുതേണ്ടതില്ല.

വിവരങ്ങള്‍ക്ക്: bank.sbi/careers

അവസാന തീയതി: ഡിസംബര്‍ 29.

Content Highlights: 1226 Officer Vacancies in State Bank of India