നാവികസേനയുടെ ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 102 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2020 ജനുവരിയില്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ആരംഭിക്കും. വിജ്ഞാപനം നാവികസേനയുടെ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. 

യോഗ്യത: വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന വിഭാഗങ്ങളിലൊന്നില്‍ ഇതുവരെ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷകര്‍ക്ക് മിനിമം ഉയരം 157 സെന്റിമീറ്റര്‍ ഉണ്ടായിരിക്കണം. 

പ്രായം: 02.01.1995-നും 01.07.2000-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉള്‍പ്പെടെ). 

ശമ്പളം: 56,100-1,10,700 രൂപയും മറ്റ് ആനുകൂല്യങ്ങളും. സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. കമാന്‍ഡര്‍വരെ ഉയരാവുന്ന തസ്തികയാണിത്. 
2019 ഏപ്രില്‍ മുതല്‍ ജൂലായ് വരെ ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. വൈദ്യപരിശോധനയുമുണ്ടായിരിക്കും. 

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതുവരെയുള്ള എല്ലാ സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റുകളും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ്ചെയ്യണം. ഒന്നിലധികം ബ്രാഞ്ചിലേക്ക് അര്‍ഹതയുള്ളവര്‍ അക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തമാക്കണം. ഇതിനായി വേറെ അപേക്ഷ അയയ്ക്കരുത്. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 1800-419 -2929 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്ന്.

thozhil

Content Highlights: Indian Navy, Short Service Commission, Ezhimala Naval Academy