രണ്ടു വഴികളിലൂടെ സിവില്‍ സര്‍വീസ് മേഖലയില്‍ എത്തിയവരാണ് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ഭര്‍ത്താവും കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറിയുമായ സുധാകര്‍ റാവുവും. നിരുപമ മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ട് കുടുംബാംഗം. സുധാകര്‍ കര്‍ണാടകയില്‍ നിന്ന്. 1973-ലെ സിവില്‍ സര്‍വീസ് ബാച്ചാണ് ഇരുവരും. നിരുപമ ഐ.എഫ്.എസും സുധാകര്‍ ഐ.എ.എസ്സും. മസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ചാണ് പരിചയപ്പെട്ടത്. 

1975 മാര്‍ച്ച് 27-ന് വിവാഹിതരായി. ജീവിതത്തില്‍ ഒന്നിച്ചുപോകാന്‍ തീരുമാനിച്ചപ്പോഴും ജനസേവനത്തിന് രണ്ടുവഴികളാണ് അവര്‍ തിരഞ്ഞെടുത്തത്. ഫോറിന്‍ സര്‍വീസിലെത്തിയ നിരുപമ വിദേശത്തേക്ക് പറന്നു. അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലൂടെ സുധാകര്‍ കര്‍ണാടകയിലുമെത്തി. ജീവിതത്തില്‍ അകന്നുകഴിയേണ്ടി വരുമെന്നറിഞ്ഞിട്ടും ലക്ഷ്യത്തിനായിരുന്നു മുന്‍ഗണന. 

അതൊന്നുകൊണ്ടാണ് സിവില്‍സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുണ്ടായിട്ടും നിരുപമ ഐ.എഫ്.എസ്. തിരഞ്ഞെടുത്തത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഇരുവരും 41-ാം വിവാഹവാര്‍ഷികദിനത്തില്‍ മലപ്പുറത്തെത്തി. സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ചു. അതില്‍ പഠനവും സര്‍വീസും ജീവിതവുമെല്ലാം കടന്നുവന്നു... 

ആ തീരുമാനം ശരിയായിരുന്നു -നിരുപമ റാവു

? സ്വപ്നത്തില്‍ ഖേദമില്ല

ഞാന്‍ ഐ.എ.എസ്സുകാരി ആവണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. ഐ.എഫ്.എസ്. ആയിരുന്നു എന്റെ സ്വപ്നം. അത് ശരിയായി. കേരളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നെങ്കിലും ഖേദമില്ല. അന്ന് അധികമൊന്നും സ്ത്രീകള്‍ ഫോറിന്‍ സര്‍വീസിലേക്ക് വരാറില്ല. ഉള്ളവര്‍ക്കുതന്നെ വിവാഹത്തോടെ ജോലി വിടേണ്ടിവന്നു. സര്‍വീസിന്റെ തുടക്കത്തില്‍ ഞങ്ങള്‍ കിലോമീറ്ററുകള്‍ അകലെയായിരുന്നു. ഞാന്‍ വിയന്നയിലും സുധാകര്‍ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലും. ഫോണില്‍ സംസാരിക്കുകപോലും അന്നത്ര എളുപ്പമല്ലായിരുന്നു. പക്ഷേ, ലക്ഷ്യത്തില്‍ നിന്ന് പിന്മാറിയില്ല. 40 വര്‍ഷം പിന്നിട്ട വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നു. പരസ്പരം മനസ്സിലാക്കാനായതാണ് ഞങ്ങളുടെ വിജയരഹസ്യം.  
 
? ഐ.എഫ്.എസ്സിലേക്ക് വരൂ

ഞങ്ങളുടെ കാലത്ത് ഐ.എ.എസ്സും ഐ.എഫ്.എസ്സും മാത്രമായിരുന്നു സിവില്‍ സര്‍വീസിലെ പ്രധാന ചോയ്സ്. ഇന്ന് ഒട്ടേറെ മേഖലകളുണ്ട്. നിങ്ങള്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്ക് വരൂ. ഇതാണ് മികച്ച ഓപ്ഷനെന്ന് ഞാന്‍ പറയും. വിദേശത്ത് പോകാനും അവരുടെ ഭാഷയും സംസ്‌കാരവും അറിയാനും കഴിയും. മുമ്പൊക്കെ ആദ്യ റാങ്കുകാര്‍തന്നെ ഐ.എഫ്.എസ്. തിരഞ്ഞെടുത്തിരുന്നു. വിദേശത്ത് നിങ്ങളാണ് ഇന്ത്യയുടെ മുഖം. നാട്ടില്‍നിന്ന് എത്ര അകലെയാണെങ്കിലും ഇന്ത്യയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നത് അഭിമാനം പകരും. രാജീവ് ഗാന്ധിയുടെ ചൈനാ സന്ദര്‍ശനമടക്കം നിരവധി ചരിത്ര സംഭവങ്ങളില്‍ എനിക്ക് പങ്കാളിയാവാന്‍ കഴിഞ്ഞു. 

? സീരിയസാണോ, വിജയമുണ്ട് 

ലക്ഷ്യം സീരിയസാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയമുണ്ടാകും. വാരിവലിച്ച് പഠിക്കേണ്ട. പരീക്ഷയെക്കുറിച്ച് നന്നായറിയണം. വിഷയങ്ങളുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്.  തെറ്റിനെ പേടിക്കേണ്ട. തെറ്റില്‍ നിന്ന് പഠിക്കാനാവണം ശ്രമം. ശമ്പളം നോക്കാതെ നല്ല ജനസേവകനാകണം. എങ്കില്‍ സമൂഹത്തിന് ആദരവും കടപ്പാടുമുണ്ടാകും.  

? സ്ത്രീ വിവേചനമില്ല

സ്ത്രീ എന്ന നിലക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. നയതന്ത്രത്തില്‍ പലപ്പോഴും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവസരം കിട്ടി. സ്ത്രീയാണെന്നും വിവേചനം ഉണ്ടാകുമെന്നും കരുതിയിരിക്കരുത്. ആണുങ്ങളേക്കാള്‍ മികച്ചവരാകാനാവണം ശ്രമം. 

ഉറച്ചുനില്‍ക്കുക; വിജയം ഉറപ്പ് -സുധാകര്‍ റാവു

? വിജയമന്ത്രം

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കും മുമ്പ് മനസ്സില്‍ ഉറപ്പിക്കേണ്ട ചിലതുണ്ട്. പഠനത്തില്‍ ഉറച്ചുനില്‍ക്കുക. ഊന്നല്‍ കൃത്യമാകണം. തോറ്റുപിന്മാറരുത്. തുടര്‍ച്ചയായി പഠിച്ച് പരീക്ഷയ്ക്ക് തയ്യാറാവുക. പഠിക്കാന്‍ കഴിയുന്നത് സുവര്‍ണാവസരമായി കാണണം. എല്ലാവര്‍ക്കും കഴിവുണ്ട്. ഓരോരുത്തരുടെയും മനോഭാവവും സമീപനവുമാണ് പ്രധാനം. പത്തും പന്ത്രണ്ടും മണിക്കൂര്‍ പഠിക്കേണ്ട. മനസ്സിരുത്തി നാല് മണിക്കൂര്‍ പഠിച്ചാല്‍ തന്നെ ഐ.എ.എസ്. നേടാം. പഠനത്തില്‍ സ്വന്തം വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.  

? ജീവിതത്തെ ബാധിക്കരുത്

പഠനവും ജോലിയും ജീവിതത്തെ ബാധിക്കാതെ നോക്കണം. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകണം. മസൂറിയിലെ രണ്ടുവര്‍ഷത്തെ പരിശീലനം മികച്ച പ്രായോഗിക പാഠമാണ്. ജോലിയില്‍ കയറിയാലും പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആവേശം കാണിക്കണം. 

? അന്നും ഇന്നും

1972-ലാണ് ഞങ്ങള്‍ പരീക്ഷയെഴുതിയത്. ഇന്ന് പരീക്ഷാ രീതിയില്‍ ഏറെ മാറ്റം വന്നു. വെല്ലുവിളികളും കൂടി. എങ്കിലും താരതമ്യങ്ങളേറെ. കരിക്കുലത്തിന്റെ സ്വഭാവം മാറിയിട്ടില്ല. ഇന്ന് ഏറെ അവസരങ്ങളുണ്ട്. നിങ്ങള്‍ക്ക് അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥനുമാകാം. വിദേശത്തുപോയി പണം സമ്പാദിക്കാം. എന്നാല്‍, സിവില്‍ സര്‍വീസിലൂടെയാണ് ഏറ്റവുമധികം സമൂഹത്തെ സേവിക്കാനാവുക. 

? ഗാന്ധിജിയെ മറക്കരുത്

സിവില്‍ സര്‍വീസ് മേഖലയില്‍  ഗാന്ധിജിയുടെ സന്ദേശമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഓരോ പദ്ധതി കൊണ്ടുവരുമ്പോഴും അത് പാവങ്ങള്‍ക്ക് എങ്ങനെ ഗുണം ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്. പണമല്ല, ജനസേവനമാണ് മുഖ്യമെന്ന് തിരിച്ചറിയണം. 950 രൂപയായിരുന്നു ഞങ്ങളുടെ ആദ്യ ശമ്പളം. അടിസ്ഥാന ശമ്പളം 400 രൂപയും.