വാഹനങ്ങളുടെ ഭാരം കുറഞ്ഞാൽ എന്തെല്ലാം നേട്ടങ്ങളുണ്ടാകും? ഇന്ധനലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും. സകല വാഹനനിർമാതാക്കളും ഇതിനുള്ള ഗവേഷണങ്ങൾക്കായി കോടികൾ ചെലവിടുന്നു.ഈ മേഖലയിൽ ഏറെ പ്രതീക്ഷനൽകിയാണ് ചെലവു കുറഞ്ഞതും അതേസമയം കടുപ്പം കൂടിയതുമായ പുതിയൊരു ടൈറ്റാനിയം ലോഹസങ്കരത്തിന്റെ കണ്ടെത്തൽ. നിലവിൽ ഉപയോഗിച്ചുവരുന്ന ടൈറ്റാനിയം ലോഹക്കൂട്ടിനേക്കാൾ ഭാരം കുറവാണിതിന്. ഉത്പാദനച്ചെലവ് കുറവും.

ബീറ്റ ടൈറ്റാനിയം എന്ന് ഗവേഷകർ വിളിക്കുന്ന പുതിയ ലോഹക്കൂട്ട് ഭാവിയിൽ വാഹനരംഗത്ത് വലിയമാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തൽ.കാഠിന്യം, ദൃഢത, തുരുമ്പിക്കില്ല എന്നിവയാണ് ടൈറ്റാനിയം ലോഹക്കൂട്ടിനെ വാഹനനിർമാതാക്കൾക്ക് പ്രിയങ്കരമാക്കുന്നത്. ഈ കണ്ടെത്തലിന് നേതൃത്വം നൽകിയതും ഒരു മലയാളിയാണ്. അമേരിക്കയിലെ റിച്ച്‌ലൻഡിലുള്ള ഊർജവകുപ്പിന്റെ പസഫിക് നോർത്ത് വെസ്റ്റ് നാഷണൽ ലബോറട്ടറിയിൽ (പി.എൻ.എൻ.എൽ.) സീനിയർ റിസർച്ച് സയന്റിസ്റ്റായ കണ്ണൂർ ധർമശാല സ്വദേശി അരുൺ ദേവരാജ്.

ഉയർന്നതാപത്തിൽ ആറ്റത്തിന്റെ ഘടന പ്രത്യേക നാനോസ്ട്രക്ചർ രൂപത്തിലാക്കിയാണ് പുതിയ ലോഹസങ്കരം നിർമിച്ചിരിക്കുന്നത്. ശക്തിയേറിയ ഇലക്‌ട്രോൺ മൈക്രോസ്കോപ്പും ആറ്റം പ്രോബ് ഇമേജിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പഠനം. ഇന്ത്യക്കാരനായ വിനീത് ജോഷിയും പഠനത്തിൽ പങ്കാളിയാണ്. ഉരുക്കിനെ അപേക്ഷിച്ച് ടൈറ്റാനിയത്തിന് ഭാരക്കുറവാണ്. എന്നാൽ കാഠിന്യം അത്രപോര. ഇരുമ്പ്, അലുമിനിയം, വനേഡിയം എന്നിവ ചേർത്ത് 50 വർഷം മുമ്പുതന്നെ ടൈറ്റാനിയം ലോഹക്കൂട്ട് ഉണ്ടാക്കിത്തുടങ്ങി.

കാഠിന്യം കൂടിയതാണെങ്കിലും വാണിജ്യപരമായി ഉണ്ടാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ചെലവും ഏറും. ഉരുക്കിയ ടൈറ്റാനിയത്തിന് പകരം പൊടിരൂപത്തിലുള്ള ടൈറ്റാനിയം ഉപയോഗിച്ചായിരുന്നു അരുണിന്റെയും സംഘത്തിന്റെയും പഠനം. സമയവും ഊർജവും ലാഭിക്കുന്നതിലൂടെ ചെലവ് വലിയതോതിൽ കുറയ്ക്കാനായെന്നതാണ് ഇതിന്റെ നേട്ടം. പുതിയ ലോഹക്കൂട്ട് കൂടിയ താപനിലയിൽ ചൂടാക്കിയശേഷം തണുത്തവെള്ളത്തിൽ മുക്കുമ്പോൾ ഉരുക്കിനേക്കാൽ 10 മുതൽ 15 ശതമാനം വരെ അധികകാഠിന്യം ഉണ്ടാകുന്നതായി അരുൺ പറഞ്ഞു. 

? സയൻസ് ഇഷ്ടവിഷയമായത്

അച്ഛൻ എൻ.സി. ദേവരാജൻ കെൽട്രോൺ റെസിസ്റ്റേഴ്‌സിലെ മെക്കാനിക്കൽ എൻജിനീയറായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കാറിന്റെയും ബൈക്കിന്റെയും എൻജിനും റെസിസ്റ്ററുകളും പരിചയപ്പെടാൻ കഴിഞ്ഞു. ശാസ്ത്രാഭിരുചിയുടെ തുടക്കം വീട്ടിൽനിന്നുതന്നെ എന്നുപറയാം. 

അമ്മ എം. പൂഞ്ചോല ദേവി ആണ്ടൂർ എ.എൽ.പി. സ്കൂളിലെ അധ്യാപികയായിരുന്നു. ഈ മലയാളം മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂളിലെ നാരായണൻമാഷ് ശാസ്ത്രമത്സരങ്ങളിൽ പങ്കെടുക്കാൻ പ്രേരണനൽകി. 
ചെറിയ മോഡലുകൾ തയ്യാറാക്കി ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും വേദികളിൽ പ്രദർശിപ്പിച്ചതും അതിനുകിട്ടിയ പ്രതികരണങ്ങളും പ്രോത്സാഹനങ്ങളും ശാസ്ത്രത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

? മെറ്റീരിയൽ സയൻസിലേക്ക് തിരിഞ്ഞത്

എൻജിനീയറിങ്ങിന് മെറ്റലർജിക്കൽ എൻജിനീയറിങ്ങും മെറ്റീരിയൽ സയൻസുമായിരുന്നു വിഷയം.ജയ്‌പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു പഠനം. മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. ഡോ. എ.കെ. ഭാർഗവ, എം.എൻ.ഐ.ടി.യിലെ ഡോ. സി.പി. ശർമ എന്നിവരാണ് മെറ്റീരിയൽ സയൻസിലേക്ക് വഴിതിരിച്ചുവിട്ടത്. പഠനം കഴിഞ്ഞതോടെ എസ്സാർ സ്റ്റീലിൽ ക്വാളിറ്റി കൺട്രോളർ ആയി ജോലിലഭിച്ചു. ഇവിടെവെച്ചാണ് ലോഹസങ്കരങ്ങളുടെ പ്രാധാന്യം മനസ്സിലാകുന്നത്.

? പി.എൻ.എൻ.എല്ലിൽ അവസരം ലഭിച്ചത് 

എസ്സാറിലെ ജോലിക്കിടയിലാണ് അമേരിക്കയിൽ പിഎച്ച്.ഡിക്ക് ചേരാൻ അവസരം കിട്ടിയത്. ഡെൻടണിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് ടെക്സസിൽ സ്കോളർഷിപ്പോടെ ഗവേഷണത്തിന് ചേർന്നു. ടൈറ്റാനിയം ലോഹസങ്കരങ്ങളെക്കുറിച്ചായിരുന്നു പഠനം. 2011-ൽ പിഎച്ച്.ഡി പൂർത്തിയാക്കി.

ആ വർഷംതന്നെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പി.എൻ.എൻ.എല്ലിൽ എത്തി. 2012-ൽ സീനിയർ റിസർച്ച് സയന്റിസ്റ്റായി നിയമനം ലഭിച്ചു. നേച്ചർ കമ്യൂണിക്കേഷൻസ് മാസികയിൽ രണ്ടെണ്ണമടക്കം ഇതുവരെ നാൽപ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

? മെറ്റീരിയൽ സയൻസിന്റെ സാധ്യതകൾ 

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദാർഥങ്ങൾ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്നു. കമ്പ്യൂട്ടറും മൊബൈൽഫോണുമെല്ലാം ഇന്നത്തെ രീതിയിൽ ഭാരംകുറഞ്ഞിരിക്കുന്നതിന്റെ കാരണം ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളാണ്.
ഇന്ത്യയിൽ എൻ.ഐ.ടി., ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഐ.സി.എ.ആർ. എന്നിവിടങ്ങളിലെല്ലാം ഇതേക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഒട്ടേറെ അവസരങ്ങളുണ്ട്.

ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, ഐ.എസ്.ആർ.ഒ., ടി.ഐ.എഫ്.ആർ., ഡി.ആർ.ഡി.ഒ. എന്നിവയിലെല്ലാം മികച്ച അവസരങ്ങളും കാത്തിരിക്കുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ ഉരുക്കുത്പാദന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വകാര്യമേഖലയിൽ ഇത്തരത്തിലുള്ള കമ്പനികളും നിരവധി.

? പുതിയ കുട്ടികളോട് പറയാനുള്ളത്

എൻജിനീയറിങ് വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കമ്പ്യൂട്ടർ സയൻസിനൊപ്പം ഇത്തരം വിഷയങ്ങൾകൂടി തിരഞ്ഞെടുക്കണം.